ഓരോ കാര്യം ചെയ്യുമ്പോഴും അതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുക എന്നത് പ്രധാനമാണല്ലോ. നരേന്ദ്രമോദി ഇക്കാര്യങ്ങളില്‍ ഏറെ ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന് സംഘടനാ പ്രവര്‍ത്തന രംഗത്തു നിന്ന് ലഭിച്ച അനുഭവങ്ങളാണ് അതിനൊക്കെ പ്രധാന കാരണം എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ഡിജിറ്റല്‍ വിപ്ലവത്തിനൊരുങ്ങിയത് എത്ര കരുതലോടെയാണ് എന്നത് നോക്കിയാല്‍ ആ സൂക്ഷ്മത ബോധ്യപ്പെടും. ആദ്യമേ ചെയ്തത് ആധാര്‍ വ്യാപകമാക്കുകയാണ്; എല്ലാവരിലും അതെത്തുന്നു എന്ന് തീര്‍ച്ചയാക്കി. പിന്നീട് ഒരു അജണ്ട തന്നെ തയ്യാറാക്കി.
2016-ലെ ബജറ്റിനൊപ്പമാണ് ഒരു ധന ബില്ലായി ആധാര്‍ നിയമം ലോകസഭയിലെത്തുന്നത്. അതിനുമുമ്പേ 2014 ആഗസ്റ്റില്‍ തന്നെ ജന്‍ധന്‍ യോജനയ്ക്ക് തുടക്കമിട്ടിരുന്നു. ‘ആധാറു’മായി ബാങ്കിലേക്ക് ചെല്ലൂ, ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങൂ എന്നതായിരുന്നു ആഹ്വാനം. രാജ്യത്തെ ഏതാണ്ട് 34 കോടിപ്പേര്‍ ആ നിര്‍ദ്ദേശം സ്വീകരിച്ചു. അതില്‍ 20 കോടിയോളം സ്ത്രീകളാണുള്ളത്. അതായത് പരമാവധി ആളുകള്‍ക്ക് ആധാര്‍ ലഭ്യമാക്കുന്ന ജോലിയും അതിനിടയില്‍ നടന്നു. ജന്‍ധന്‍ അക്കൗണ്ട് തുടങ്ങാനായി ആധാര്‍ എടുത്തവരെയും നാം കണ്ടു. ഈ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലുള്ളത് 36-37 കോടി രൂപയാണ്. ഇന്നലെവരെ ബാങ്കില്‍ പോകാത്ത, ബാങ്ക് അക്കൗണ്ട് എന്തെന്ന് അറിയാത്തവരാണ് ഇതിലേറെയും. ഏറ്റവുമൊടുവില്‍, ഇപ്പോഴത്തെ കൊറോണ കാലഘട്ടത്തില്‍ പ്രതിമാസം 500 രൂപവീതം ആ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് എത്തിച്ചതുമോര്‍ക്കുക. ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലേ ആനുകൂല്യങ്ങള്‍ നേരിട്ട് ജനങ്ങളിലെത്തൂ, സബ്സിഡിയും മറ്റും ഇടനിലക്കാരനിലേക്ക് പോകുന്നത് തടയാനാവൂ. അതുകൊണ്ട് ബാങ്ക് അക്കൗണ്ട് തുടങ്ങിപ്പിക്കുക എന്നതായിരുന്നു പ്രാഥമിക കാര്യം. ആ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടല്ലോ. എന്നാലല്ലേ ആനുകൂല്യം ബന്ധപ്പെട്ടവരിലേക്ക് നേരിട്ടെത്തൂ. ഈ കാര്യങ്ങളൊക്കെ പൂര്‍ത്തിയാക്കിയിട്ടാണ് ഇന്ത്യ ഇത്ര വലിയ നിലയിലേക്ക് മുന്നേറിയത്.
എന്നാല്‍ ഇതിനോട് പ്രതിപക്ഷം സ്വീകരിച്ച നിലപാട് എന്താണ് ?. ആധാര്‍ നടപ്പിലാക്കിക്കൂടാ എന്നതായിരുന്നു പ്രതിപക്ഷ നിലപാട്. മണി ബില്ലായി അത് അവതരിപ്പിച്ചതിനെതിരെ അവര്‍ സുപ്രീം കോടതിയിലെത്തി. അവിടെ പരാജയപ്പെട്ടു. പിന്നാലെ, ‘ആധാര്‍’ മനുഷ്യന്റെ രഹസ്യം ചോര്‍ത്തുന്നു, സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം എന്നും മറ്റും പറഞ്ഞായി നിയമ പോരാട്ടം. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും മാവോയിസ്റ്റുകളും ഇസ്ലാമിക ഭീകരരുമൊക്കെ ഇക്കാര്യത്തില്‍ സമാന നിലപാടെടുത്തു. യഥാര്‍ഥത്തില്‍ ആരാണ് ആധാര്‍ ഉപയോഗിക്കുന്നതില്‍ ആശങ്കാകുലരായിരുന്നത്; കള്ളപ്പണവും വിദേശ സഹായവുമൊക്കെ കിട്ടുന്നവര്‍ക്ക് ആധാര്‍ ഒരു പ്രശ്നമായിരുന്നു. കാരണം അവര്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുമെന്ന് ഭയന്നു. അതിനു പിന്നാലെ
യാണ് ‘പാന്‍’ ആധാറുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചത്. ഒരര്‍ഥത്തില്‍ ആ ചിന്ത ഉണ്ടായത് മന്മോഹന് സിംഗിന്റെ കാലത്താണ്; എന്നാല്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് അത് നടപ്പിലാക്കാനായില്ല. എന്നാല്‍ മോദി സര്‍ക്കാര്‍ അതും നടപ്പിലാക്കി. ഇന്നിപ്പോള്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കണമെങ്കില്‍ പാന്‍- ആധാര്‍ ബന്ധം ഉണ്ടായേ തീരൂ എന്നായിക്കഴിഞ്ഞു. ആധാറിനെതിരെ കോടതികയറിയവര്‍ തന്നെയാണല്ലോ പാന്‍ ബന്ധിപ്പിക്കുന്നതിനെതിരെയും പോരാടിയത്. അതിനെയും കോടതി വിധിയിലൂടെ മോദി സര്‍ക്കാര്‍ മറികടന്നു. 121 കോടി ഇന്ത്യക്കാര്‍ക്ക് ഇന്നിപ്പോള്‍ ആധാര്‍ കാര്‍ഡുണ്ട്. ഇതിനൊപ്പമാണ് വോട്ടര്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കണം എന്ന പദ്ധതി; തിരഞ്ഞെടുപ്പ് കമ്മീഷന് അത് നടപ്പിലാക്കാന്‍ തുടങ്ങിയതാണ്. അനവധി ഗുണങ്ങള്‍ അതുകൊണ്ടുണ്ട്. കള്ള വോട്ട് ചെയ്യാന്‍ കഴിയില്ല എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. മറ്റൊന്ന്, ഒരാള്‍ക്ക് ഒരിടത്തുമാത്രമേ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവൂ എന്നതും. വേറൊന്ന്, സുപ്രധാനമായത്, ഇത് നടപ്പിലായാല്‍ നാളെ വേണമെങ്കില്‍ പോളിങ് ബൂത്തില്‍ പോകാതെ തന്നെ എല്ലാവര്ക്കും വോട്ട് ചെയ്യാനാവുന്ന സൗകര്യം ഉണ്ടാക്കാനാവും എന്നതുമാണ്. വിദേശത്തുള്ളവര്‍ക്ക് വോട്ടവകാശം വേണം എന്നൊക്കെ ചിന്തിക്കുന്ന ഇക്കാലത്ത് ഈ പരിഷ്കാരം കൂടി ഉണ്ടായേ തീരൂ.
കണക്കുകള്‍ ഇങ്ങനെ…
മോദിയുടെ പദ്ധതികള്‍ എത്രത്തോളം വിജയപ്രദമായി എന്നത് കണക്കുകളിലൂടെയേ ബോധ്യപ്പെടുത്താനാവൂ. ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ ഒരു പ്രധാന നേട്ടം ബന്ധപ്പെട്ടവര്‍ക്ക് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തും എന്നതാണ്. ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ ( ഡിബിടി ) എന്നാണ് ഇതിനെ വിശഷിപ്പിക്കാറുള്ളത്. 2013-14 ല്‍ 10. 71 കോടി ആളുകള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിച്ചത്; 2018-19ല്‍ അത് 129.20 കോടിയാളുകളായി. 28 പദ്ധതികളാണ് 2014 ല്‍ ഡിബിടി യിലുള്‍പ്പെടുത്തിയിരുന്നത്; 2018-19 ആയപ്പോഴേക്ക് അത് 439 ആയി. 7367. 6 കോടി രൂപയാണ് 2014 ല്‍ ആ നിലയ്ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിച്ചത്; കഴിഞ്ഞവര്‍ഷം അത് ഏതാണ്ട് 7,66,525 കോടിയായി. 60 കോടി റുപ്പേ കാര്‍ഡ് ഇതിനകം വിതരണം ചെയ്തു. ഡിബിടി കാരണം സര്‍ക്കാരിനുണ്ടായ നേട്ടം ഏതാണ്ട് 1.70 ലക്ഷം കൊടിയത്രേ. നികുതി ദായകരുടെ എണ്ണത്തിലും ഈ ഡിജിറ്റല്‍ യുഗത്തില്‍ വലിയ മാറ്റമുണ്ടായി. 2019 ധനകാര്യ വര്‍ഷത്തില്‍ നികുതി കൊടുത്തവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് 14 ശതമാനമാണ്; അതിപ്പോള്‍ 8.45 കോടിയിലെത്തിയിരിക്കുന്നു. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായി. നോട്ട് റദ്ദാക്കലിന് ശേഷമാണ് ഈ വലിയ കുതിപ്പ് ആദായ നികുതി മേഖലയിലുണ്ടായത് എന്നത് കൂടി ഓര്‍മ്മിക്കുക.
ഇന്റര്‍നെറ്റ് ശൃംഖലയിലും ഇതിന്റെ മാറ്റം പ്രകടമാണ്. ഈ വര്‍ഷം രാജ്യത്തുള്ളത് 565 ദശലക്ഷം ഇന്റര്‍നെറ്റ് വരിക്കാരാണ്; ഈ വര്‍ഷാവസാനത്തോടെ അത് 639 ദശലക്ഷമാവും എന്നതാണ് കണക്കുകൂട്ടല്‍. ഇന്നിപ്പോള്‍ ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ളത് ചൈനയിലാണ്; ഇന്ത്യ രണ്ടാം സ്ഥാനത്തും. ഗ്രാമീണ ഇന്ത്യയിലാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് വളരുന്നത് എന്നതാണ് പ്രധാന കാര്യം. യുപിയിലെ ഗ്രാമീണ മേഖലയില്‍ മാത്രം 36 ദശലക്ഷം പേര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുണ്ട്. പേ ടിഎം പറയുന്നത്, നൂറ് മില്യണ്‍ ആളുകളുടെ കെവൈസി ഡിജിറ്റലായി സൂക്ഷിച്ചിരിക്കുന്നു എന്നതാണ്. അതെ ഇത് ഇന്ത്യയെ മാറ്റിമറിച്ചു കഴിഞ്ഞു. നാളെകളില്‍ എല്ലാം ഡിജിറ്റല്‍ മാത്രമാവുമെന്ന് കരുതുന്നവര്‍ ഇന്നുണ്ട്. അതുതന്നെയാണ് ഇന്ത്യ ലക്ഷ്യമിടുന്നതും. ഇതിലേക്കാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയെ കൊണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: