ഡിജിറ്റല്‍ ഇന്ത്യ, നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇക്കാര്യം ആദ്യം പറയുമ്പോള്‍ പലരും ചിരിച്ചു. കുടിവെള്ളമില്ലാത്ത, വൈദ്യുതി എത്താത്ത, ശൗചാലയങ്ങളില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എങ്ങനെയാണ് ഇതൊക്കെ നടക്കുക എന്ന് ചോദിച്ചവരില്‍ നമ്മുടെ പ്രമുഖ പ്രതിപക്ഷ നേതാക്കളുമുണ്ട്. ഏറ്റെടുത്ത ഏതൊരു ദൗത്യവും വിജയിപ്പിക്കാനറിയാമെന്ന് നരേന്ദ്ര മോഡി ഒരിക്കല്‍കൂടി നമുക്ക് കാണിച്ചുതന്നു.
ഇന്നിപ്പോള്‍ ഇന്ത്യയില്‍ എവിടെയും ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്നു. കോടാനുകോടികള്‍ അതിലൂടെ മാറിമറിയുന്നു. അതെ ഇന്ത്യ മാറിക്കഴിഞ്ഞു, അതിവേഗത്തില്‍. അടുത്തിടെ ഒരു അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നത് ഇന്ത്യയുടെ ഈ ‘ഡിജിറ്റല്‍ വിപ്ലവം’ കൊണ്ട് അടുത്ത അഞ്ചുവര്‍ഷത്തില്‍ രാജ്യത്ത് പുതുതായി ആറരക്കോടി പുതിയ തൊഴില്‍ സാദ്ധ്യതകള്‍ ഉണ്ടാവുമെന്നാണ്. മാത്രമല്ല, ഇന്ത്യന്‍ ഗ്രാമങ്ങള്‍ പോലും ഇന്ന് സ്മാര്‍ട്ട് ഫോണിന്റെയും മറ്റും ഉപഭോക്താക്കളെക്കൊണ്ട് നിറയുന്നു. ഒരു സൂചന മാത്രം നല്‍കാം, അതും ഈ യുഎസ് സ്ഥാപനം ഓര്‍മ്മിപ്പിച്ചതാണ്, ഇന്ത്യയിലെ ജനത അഞ്ച് കോടി മിനിറ്റാണത്രെ വാട്സ് ആപ്പിലൂടെ പ്രതിദിനം വീഡിയോ കോള്‍ നടത്തുന്നത്. ഒരു കാര്യം കൂടി ആദ്യമേ സൂചിപ്പിക്കേണ്ടതുണ്ട്. യുപി, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലെ അവികസിത മേഖലകള്‍ എന്ന് പറയാറുള്ള മേഖലകളില്‍ പോലും, ഗ്രാമീണര്‍ക്കിടയില്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധനയുണ്ടായി; യുപിയില്‍ മാത്രം 3.6 കോടി പുതിയ ഉപഭോക്താക്കള്‍ ആ സംസ്ഥാനത്തെ ഗ്രാമീണര്‍ക്കിടയില്‍ ഉണ്ടായി എന്നത് ചെറിയ കാര്യമല്ലല്ലോ.
ഏതാനും മാസം മുന്‍പാണ്, നേരത്തെ സൂചിപ്പിച്ച അമേരിക്കന്‍ സ്ഥാപനത്തിലെ ഒരു ശാസ്ത്രജ്ഞന്, കേരളത്തിലുമെത്തി. ഡിജിറ്റല്‍ രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ ഗവേഷണ വിഷയം. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് അദ്ദേഹം. അങ്ങനെയാണ് തമ്മില്‍ കാണാനിടയായത്. ഒന്നിച്ചൊരു അത്താഴം എന്ന് കരുതി കണ്ടുമുട്ടിയവര്‍ ഏതാണ്ട് നാലഞ്ച് മണിക്കൂര്‍ ഒന്നിച്ചു ചെലവിട്ടു. പിറ്റേന്ന് പുലര്‍ച്ചെ അദ്ദേഹത്തിന് കന്യാകുമാരിക്ക് പോകേണ്ടതിനാല്‍ കൂടുതല്‍ ചര്‍ച്ച അസാധ്യമായി. അവരുടെ സംഘാംഗങ്ങളില്‍ പലരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു. അദ്ദേഹം പോയത് ബീഹാര്‍, യു.പി, ഉത്തരാഖണ്ഡ്, ഗോവ, കര്‍ണാടകം, കേരളം അവസാനം തമിഴ്നാടും. അവരുടെ പഠനം, അനുഭവങ്ങള്‍ ഇന്ത്യക്കാര്‍ ഇനിയും തിരിച്ചറിയാനുണ്ട്. ഇന്ത്യയിലെ ഈ ഡിജിറ്റല്‍ വിപ്ലവത്തെ ലോകം എത്ര ഗൗരവത്തോടെയാണ് ശ്രദ്ധിച്ചത് എന്നതുകൂടിയാണ് ഇതിലൂടെ മനസ്സിലാകുന്നത്.
യുഎസ് ശാസ്ത്രജ്ഞന് തുടര്‍ന്നു: ‘യുപിയിലേക്കും ബീഹാറിലേക്കും ചെല്ലുമ്പോള്‍ കുറെ മുന്‍ധാരണകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ മുന്നിലുണ്ടായിരുന്നത് അവികസിത ഗ്രാമങ്ങളെക്കുറിച്ചുള്ള ചിത്രം. വിദ്യാലയങ്ങളില്ല, നല്ല റോഡുകളില്ല, അക്രമങ്ങള്‍ നാടെങ്ങും. അതിനിടയിലെന്ത് ഡിജിറ്റല്‍ വിപ്ലവമെന്നു ചിന്തിച്ചു. എന്നാല്‍ അതിശയകരമെന്ന് പറയട്ടെ, ആദ്യം പോയ ബീഹാറിലെ അതിര്‍ത്തി ഗ്രാമത്തിലൊക്കെ സ്മാര്‍ട്ട് ഫോണ്‍ കണ്ടപ്പോള്‍ വിശ്വാസം വന്നില്ല. നേപ്പാള്‍ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തിലെ പോസ്റ്റ് ഓഫീസിലെത്തി. അവിടെ നെറ്റ് ബാങ്കിങ് സൗകര്യമുണ്ട്, പോസ്റ്റ് ഓഫീസ് ബാങ്ക് അവിടെയുണ്ട്. ആ ഗ്രാമത്തിലെ 80 ശതമാനം ആളുകളും പോസ്റ്റ് ഓഫീസ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍. 90 ശതമാനം പേരും ‘ആധാര്‍ ‘ ഉള്ളവര്‍. അദ്ദേഹം പറഞ്ഞു നിര്‍ത്തി. അതിനപ്പുറമാണ് യുപിയിലുണ്ടായ അനുഭവം. യാത്രക്കിടെ ഒരു ‘നാടന്‍ ഹോട്ടലില്‍’ നിന്നും കാപ്പി കുടിക്കുന്നതിനായി വാഹനം നിര്‍ത്തി; ‘ സാര്‍ ചില്ലറ ഇല്ലെങ്കില്‍ കുഴപ്പമില്ല കാര്‍ഡ് തന്നാല്‍ മതി.’. അവിടെയും പേടിഎം കാര്‍ഡ് സൈ്വപ്പ് മെഷിന്. ‘ എനിക്കിത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല; ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ ഇന്ത്യന്‍ ഗ്രാമീണര്‍ക്കായല്ലോ’, അദ്ദേഹം തുറന്നുപറയുന്നു.
ഗോവയിലും കര്‍ണാടകയിലും മത്സ്യബന്ധനത്തിന് പോകുന്നവര്‍ കടലില്‍വെച്ചുതന്നെ മത്സ്യക്കച്ചവടം നടത്തുന്നു. അതും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട്. ഇതുപോലെ കുറെ കഥകള്‍. നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യമേറ്റെടുത്തു എന്നതാണ് സൂചിപ്പിക്കുന്നത്. ഇത് സായിപ്പ് പറയുമ്പോഴാണ് എന്റെ സുഹൃത്തായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന് കാര്യങ്ങള്‍ ഇത്രത്തോളമായി എന്ന് ബോധ്യമായത്. ഒരര്‍ഥത്തില്‍ ആ കൂടിക്കാഴ്ച എനിക്കും ഒരു പുതിയ ദിശ പകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: