കാസര്‍കോട്: ടൂറിസ്റ്റ് ബസില്‍ കാസര്‍കോട് ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന 7074 പാക്കറ്റ് പാന്‍ ഉല്പന്നങ്ങളുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മറ്റു രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. നെല്ലിക്കട്ട സാലത്തടുക്കയിലെ മുഹമ്മദ് റിയാസ് (28), പൊവ്വലിലെ മുഹമ്മദ് നൗഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്. ലഹരി ഉല്പന്നങ്ങള് കടത്തിയതിന് കൂട്ടുനിന്ന വകുപ്പ് പ്രകാരം കബീര്‍, മനോജ് എന്നിവര്‍ക്കെതിരെയും കേസെടുത്തു. ഇന്നലെ രാത്രി 7.40 ഓടെ പുതിയ ബസ്സ്റ്റാന്റിന് സമീപമാണ് സംഭവം.
കാസര്‍കോട് സി.ഐ. സി. എ.അബ്ദുല്‍ റഹീമിന് ലഭിച്ച രഹസ്യവിവരത്തേത്തുടര്‍ന്ന് എസ്.ഐ ഷേക്ക് അബ്ദുല്‍ റസാക്ക്, പോലീസ് ഓഫീസര്‍മാരായ രതീഷ്, സനല്‍, സനൂപ്, കലേഷ്, മോഹന്‍, ശ്രീജു എന്നിവരുടെ നേതൃത്വത്തിലാണ് പാന്‍ ഉല്പന്നങ്ങള് പിടിച്ചത്. ബസിനകത്ത് നാല് കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ അടുക്കി വെച്ച നിലയിലായിരുന്നു ഇവ. എറണാകുളത്തേക്ക് കടത്തുകയായിരുന്നുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.
കര്‍ണാടകയില്‍ 150 രൂപയ്ക്ക് ലഭിക്കുന്ന ലഹരി കലര്‍ന്ന പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നത് 4500 രൂപയ്ക്ക് മുകളിലാണെന്ന് പോലിസ് പറഞ്ഞു. ഇന്നലെ പിടിച്ചെടുത്ത പുകയില ഉല്പന്നങ്ങള് കൂള്‍ലിപ്, ഹാന്‍സ് എന്നീ കമ്പനികളുടേതാണ്. കൂള്‍ ലിപിന്‍ കര്‍ണാടകയില്‍ പാക്കറ്റിന് 162 രൂപയാണ് വില. ഹാന്‍സിന് 162 രൂപയാണ് വില. കേരളത്തില്‍ നൂറിരട്ടി തുകയ്ക്കാണ് ഇവ വില്‍ക്കുന്നതെന്ന് പോലീസ് പറഞ്ഞു. വന്‍ ലാഭം ലഭിക്കുന്നതിനാല്‍ നിരവധി പേര് ഈ കടത്തിന് പിന്നിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: