കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനു നേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായതായി വ്യാജ വാര്‍ത്ത നല്‍കിയതില്‍ ദിനപത്രം കത്തിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. കോഴിക്കോട് നരിക്കുനിയില്‍ മാധ്യമം ദിനപത്രത്തിലെ മാധ്യമ പ്രവര്ത്തകന് സി.പി. ബിനീഷിന് നേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായതായാണ് വാര്‍ത്ത നല്‍കിയത്. യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പത്രം കത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ സി.പി. ബിനീഷിന് നേരെ ആള്‍ക്കൂട്ട ആക്രമണം നടന്നുവെന്നാണ് ആരോപണം. ചില പ്രമുഖ മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ച് വാര്‍ത്ത നല്കി. ബിനീഷിനെ അനുകൂലിച്ച് നിരവധി മാധ്യമ പ്രവര്‍ത്തകരും രംഗത്ത് എത്തി.
എന്നാല്‍ യാഥാര്‍ത്ഥ്യം വളച്ചൊടിച്ചതാണെന്നും, നരിക്കുനിയില്‍ മാസങ്ങളായി കള്ളന്മാരുടെ ശല്യം ഉണ്ടെന്നും പ്രദേശത്ത് എത്തിയ അപരിചിതനായ വ്യക്തിയെ കണ്ടപ്പോള്‍ ആരാണെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും നാട്ടുകാര്‍ പറയുന്നു. ഇയാളെ ഉപദ്രവിച്ചിട്ടില്ല. സംഭവത്തില്‍ മാധ്യമം ദിനപത്രത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലും ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: