ന്യൂയോര്‍ക്ക്: കൊറോണ ഏറ്റവും നാശം വിതച്ച അമേരിക്കയില്‍ വൈറസ് ബാധിച്ചത് 62,344 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. 291 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ആരോഗ്യ മേഖലയിലെ 9282 പേര് നിലവില്‍ അമേരിക്കയില്‍ ചികിത്സയിലുണ്ട്. ഇന്നലെ മാത്രം 693 പേര് മരിച്ചു. 18,611 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആദ്യ പ്രവചനങ്ങളേക്കാള്‍ 11,000 മരണങ്ങള് കുറച്ച് മാത്രമേ അമേരിക്കയിലുണ്ടാകൂയെന്നാണ് പുതിയ കണക്ക്. ലോകത്താകെ മരണം 3.52 ലക്ഷം കവിഞ്ഞു. 57 ലക്ഷം പേര്‍ക്ക് വൈറസ് ബാധ. രോഗമുക്തരായത് 24.5 ലക്ഷം പേര്. 53,104 പേര് ഗുരുതരനിലയില്‍.
ലാറ്റിനമേരിക്ക
ആഗോള മഹാമാരിയുടെ പുതിയ പ്രഭവകേന്ദ്രം ലാറ്റിനമേരിക്കയെന്ന് വിദഗ്ധര്‍. ചൊവ്വാഴ്ച പെറുവില്‍ 5772ല്‍പരം പുതിയ രോഗികളുണ്ടായി. 159 പേര് കൂടി ഇവിടെ മരിച്ചു. മെക്സിക്കോയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വൈറസ് വ്യാപന നിരക്ക്. ഇന്നലെ മെക്സിക്കോയില്‍ കൊറോണ സ്ഥിരീകരിച്ചത് 3455 പേര്‍ക്ക്. 501 പേര് കൂടി മരിച്ചു.
രോഗവ്യാപനത്തില്‍ ലോകത്ത് രണ്ടാമതുള്ള ബ്രസീലില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയേക്കാള്‍ ഉയര്‍ന്ന മരണനിരക്ക്. 24 മണിക്കൂറിനിടെ 1039 പേരെങ്കിലും രാജ്യത്ത് മരിച്ചെന്ന് ബ്രസീല്‍ ആരോഗ്യ മന്ത്രി പറഞ്ഞു. 16,324 പേര് കൂടി രാജ്യത്ത് രോഗബാധിതരായെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ
ആകെ രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാമതുള്ള റഷ്യയില്‍ 8338 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. 161 പേര് ഇന്നലെ മരിച്ചു. 94 ലക്ഷം കൊറോണ പരിശോധനകളാണ് റഷ്യയില്‍ ഇതുവരെ നടത്തിയത്.
ദക്ഷിണ കൊറിയ
കൊറോണ രണ്ടാം വരവ് ഭീതി വിതയ്ക്കുന്ന ദക്ഷിണ കൊറിയയില്‍ നാല്‍പ്പത് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
ഏപ്രിലിന് ശേഷം ഒറ്റ ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന വൈറസ് വ്യാപന നിരക്കാണിത്. ഇതോടെ നിശാ ക്ലബ് ക്ലസ്റ്ററിലെ രോഗികളുടെ എണ്ണം 257 ആയി.
ഒരു ലോജിസ്റ്റിക് കേന്ദ്രവുമായി ബന്ധപ്പെട്ട് 36 പേര്‍ക്ക് ദക്ഷിണ കൊറിയയില്‍ രോഗം കണ്ടെത്തി. ഈ ക്ലസ്റ്റര്‍ വഴി 4000 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നാണ് അധികൃതര്‍ ഭയക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: