ഐസ്വാള്‍: ലോക്ഡൗണിനിടെ മിസോറമില്‍ അകപ്പെട്ട മലയാളികള്‍ അടക്കമുള്ള ഇതരസംസ്ഥാനക്കാര്‍ക്ക് അഭയകേന്ദ്രമൊരുക്കി രാജ്ഭവന്. സ്വന്തം നാടുകളിലേക്ക് പോകാന്‍ സാധിക്കാത്തവര്‍ക്ക് ഭക്ഷണവും താമസവും അടക്കം രാജ്ഭവന് ഒരുക്കി നല്‍കിയിട്ടുണ്ട്. എല്ലാത്തിനും മേല്‍നോട്ടം വഹിക്കുന്നത് മലയാളികളുടെ അഭിമാനമായ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയാണ്.
ലോക്ഡൗണില്‍ കുരുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആഴ്ചകളായി ഭക്ഷണവും താമസവും ഒരുക്കുന്നത് നല്‍കുന്നത് മിസോറാം രാജ്ഭവനാണ്. കേന്ദ്രസര്‍ക്കാരിന്റെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടായ ഐ.ഐ. എം.സി.യിലെ ഏഴ് വിദ്യാര്‍ഥികള്‍ നാട്ടില്‍ പോവാന്‍ കഴിയാതെ മാസങ്ങളായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിയുകയായിരുന്നു. മാര്‍ച്ച് 23-ന് പരീക്ഷ കഴിഞ്ഞു. കോഴ്സും പൂര്‍ത്തിയായി.
ലോക്ഡൗണ്‍ നീട്ടുകയും ഹോസ്റ്റല്‍ അടയ്ക്കുകയും ചെയ്തതോടെ മലപ്പുറം അരീക്കോട് സ്വദേശിയായ കെ.ടി. നിവേദിത വിവരം രാജ്ഭവനില്‍ വിളിച്ചറിയിച്ചു. വിവരം അറിഞ്ഞ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള ഇവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കി നല്കാന് നിര്‍ദേശിച്ചു. തുടര്‍ന്ന് വിഷയത്തില്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെടുകയും നിവേദിത ഉള്‍പ്പെടെ മൂന്ന് മലയാളിവിദ്യാര്‍ഥികളുടെ സംരക്ഷണം ഏറ്റെടുക്കുകയുമായിരുന്നു. ഇവര്‍ താമസിച്ചിരുന്ന സ്ഥലമായ ത്വഹരിലിലേക്ക് രാജ്ഭവന്റെ വാഹനത്തില്‍ ദിവസവും ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ട്.
ഷിത് ലാങ് പുയി എന്ന സ്ഥലത്ത് കുടുങ്ങിയ ജവഹര്‍ നവോദയ വിദ്യാലയയിലെ അധ്യാപകരായ നാലുപേര്‍ക്കും രാജ്ഭവന് അഭയം നല്കി. കോഴിക്കോട് നരിക്കുനി സ്വദേശിയായ ടി. ശ്രീജ ബന്ധുമുഖേനയാണ് ഗവര്‍ണറെ ബന്ധപ്പെട്ട് ദുരിതം അറിയിച്ചത്. തുടര്‍ന്ന് ഇവരെ രാജ്ഭവനിലേക്ക് വണ്ടി അയച്ച് എത്തിക്കുകയായിരുന്നു. 13 മണിക്കൂര്‍ യാത്രചെയ്താണ് എറണാകുളം സ്വദേശി അലക്സ് പോളും ശ്രീജയും ഉള്‍പ്പെടെ നാലുപേര്‍ രാജ്ഭവനില്‍ എത്തിയത്. മറ്റുരണ്ടുപേര്‍ ഇതരസംസ്ഥാനക്കാരാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയും ഭാര്യ അഡ്വ. കെ. റീത്തയും നേരിട്ടെത്തി എല്ലാവര്ക്കും വിരുന്ന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: