തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സൈന്യത്തെയും മിലിറ്ററി പരേഡിനേയും അധിക്ഷേപിച്ച സംഭവത്തില്‍ എഴുത്തുകാരന് എസ്. ഹരീഷിനെതിരേ കര്‍ശന നടപടിക്ക് കേന്ദ്ര അഭ്യന്തരമന്ത്രാലയം നടപടികളാരംഭിച്ചു. കേന്ദ്ര അഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അശോക് കുമാര്പാല് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു പരാതി നല്കിയ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസിനെ അറിയിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി പരാതി കേന്ദ്ര പ്രതിരോധ സെക്രട്ടറിക്കും സംസ്ഥാന അഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്കും കേന്ദ്ര അഭ്യന്തരമന്ത്രാലയം കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ മുഖ്യമന്ത്രി ഡി ജി പിയ്ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹരീഷിന്റെ പോസ്റ്റിനെ അനുകൂലിച്ചു പോസ്റ്റിട്ടവര്‍ക്കെതിരെയും അന്വേഷണം വേണമെന്നാണ് നിര്‍ദേശം.
സൈന്യത്തെ അവഹേളിച്ചും മിലിറ്ററി പരേഡിനെ അപമാനിച്ചും കുറിപ്പെഴുതിയ എഴുത്തുകാരന് എസ്. ഹരീഷിനെതിരേ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ക്കാണ് മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടഷന് ചെയര്മാന് എബി ജെ. ജോസ് പരാതി നല്‍കിയത്. സമൂഹത്തിന് ഒരു പ്രയോജനവും ചെയ്യാത്ത വിഭാഗമാണ് പട്ടാളമെന്നതടക്കം ആരോപണങ്ങളാണ് ഹരീഷിന്റെ കുറിപ്പില്‍ ഉണ്ടായിരുന്നത്. ക്ഷേത്രങ്ങളേയും ഹിന്ദു സ്ത്രീകളേയും അവഹേളിച്ച മീശ എന്ന നോവലിന്റെ രചയിതാവ് കൂടിയാണ് ഹരീഷ്.
വെടിവെച്ചാലോ ബോംബിട്ടാലോ വൈറസ് ചാകില്ലല്ലോ. മനുഷ്യരെ രക്ഷിക്കാനാണ് ഇവരെ തീറ്റിപ്പോറ്റുന്നതെന്നാണ് വെപ്പ്. എന്നാല്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്നിട്ടുള്ളതും ഇവരാണ്. 1917 ബില്യന്‍ യു എസ് ഡോളറാണ് ഒരു വര്‍ഷം മനുഷ്യര്‍ പട്ടാളത്തിനായി ചിലവാക്കുന്നത്. അതായത് 145692000000000 രൂപാ. പ്രതിരോധച്ചിലവിന്റെ കാര്യത്തില്‍ അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ മുന്നില്‍ ഇന്ത്യയാണ്. നമ്മളോരോരുത്തരും വര്‍ഷം നാലായിരത്തിലധികം രൂപാ പട്ടാളത്തിനായി ചിലവാക്കുന്നുണ്ടെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട മനുഷ്യ ചരിത്രത്തില്‍ ഒരു ഞൊടിയിട മാത്രം നില്ക്കുന്ന രാജ്യങ്ങളെ സംരക്ഷിക്കാനാണ് ഈ കോപ്പുകളത്രയും. അതിന് വേണ്ടി എന്തൊക്കെ സഹിക്കണം. റിട്ടയര്‍ ചെയ്ത പട്ടാളക്കാരുടെ വാചകമടി മുതല്‍ മിലിട്ടറിയെ വാഴ്ത്തുന്ന അസംഖ്യം സിനിമകള്‍ വരെ. സത്യത്തില്‍ ഒരു മിലിട്ടറി പരേഡ് പോലെ കോമഡി മറ്റെന്തുണ്ട്.പ്രത്യേകിച്ചും കോവിഡിന്റെ സമയത്തെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: