മോസ്കോ: കൊറോണ വൈറസ് ബാധ മൂലം രാജ്യത്തിന്റെ അതിർത്തികൾ അടച്ചതുമൂലം വാടക ഗർഭപാത്രത്തിലൂടെ ജനിച്ച നൂറിലേറെ കുഞ്ഞുങ്ങൾ ഉക്രൈനിൽ കുടുങ്ങി. അസാധാരണമായ ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഉക്രൈനിലെ വനിതകളുടെ മനുഷ്യാവകാശങ്ങൾ പരിശോധിക്കുന്ന സ്ഥാപനത്തിന്റെ അധ്യക്ഷ ല്യൂഡിമില ഡെനിസോവ അധികാരികളോട് അഭ്യർഥിച്ചു.
അമേരിക്ക, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ,ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ ശിശുക്കളുടെ മാതാപിതാക്കൾ. ‘അടച്ചുപൂട്ടൽ’ നീണ്ടു നിന്നാൽ ഇവരുടെ എണ്ണം ആയിരക്കണക്കായി മാറും. ഉക്രൈനിലെ ഒട്ടേറെ ശിശു പരിചരണ കേന്ദ്രങ്ങളിലായി നൂറിലേറെ നവജാത ശിശുക്കൾ അവരുടെ അച്ഛനമ്മമാരെ കാത്ത് ഇപ്പോൾ തന്നെയുണ്ട്. അടച്ചുപൂട്ടൽ നടപടികൾ നീണ്ടു നിന്നാൽ ഇത് ആയിരങ്ങളായി വർദ്ധിക്കാനിടയുണ്ടെന്ന് ഡെനിസോവ പറഞ്ഞു.
വാടകയ്ക്ക് ഗർഭപാത്രങ്ങൾ കിട്ടുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കയാണ് ഉക്രൈൻ.ഇതിനെ ഒരു വ്യവസായമായി പരിഗണിക്കുകയാണ് ഇവിടുത്തെ സർക്കാരും സമൂഹവും. ഒരു കേന്ദ്രത്തിന്റെ ഉടമയുടെ വകയായി കിവ് പട്ടണത്തിലുള്ള ഹോട്ടലിൽ 51 ശിശുക്കളെ കിടത്തിയിരിക്കയാണ്. ഇതിൽ 15 പേർക്ക് ഒപ്പം അച്ഛനമ്മമാരുണ്ട്. മററുള്ള കുഞ്ഞുങ്ങളെ കേന്ദ്രത്തിലെ ജീവനക്കാരാണ് പരിചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: