കൊച്ചി: ശബരിമലയില്‍ കയറുമെന്ന് പ്രതിജ്ഞ ചെയത് നവോത്ഥാന സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതാവായ യുവതിയുടെ ന്യൂസ് പോര്‍ട്ടല്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. ശബരിമലയില്‍ പോകാന്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തുകയും പോലീസ് അറസ്റ്റ് ചെയ്തു മടക്കി അയക്കുകയും ചെയ്ത ആലപ്പുഴ ചേര്‍ത്തല സ്വദേശി സി.എസ്. ലിബിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് ഗില്‍ എന്ന പോര്‍ട്ടലാണ് ബ്ലോക്ക് ചെയ്യാന്‍ ഹൈക്കോടതി ജസ്റ്റിസ് വി. ഷിര്‍സിയുടെ ഉത്തരവിട്ടത്.ക്രൈസ്തവ സമുദായത്തെയും വിശ്വാസത്തെയും പരിശുദ്ധ മറിയത്തെയും അവഹേളിച്ചുകൊണ്ടുള്ള ലേഖനം ന്യൂസ് വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ഇടുക്കി കാഞ്ചിയാര്‍ സ്വദേശി ജോമോന് ജോസ് നല്കിയ ഹര്‍ജിയിലാണ് വിധി. ലേഖനം ക്രിസ്തുമത വിശ്വാസികള്‍ വിശുദ്ധയായി വിശ്വസിക്കുന്ന മറിയത്തെ അവഹേളിക്കുന്ന തരത്തിലാണ്. ന്യൂസ് വെബ് പോര്‍ട്ടലില്‍ തുടര്‍ച്ചയായി മതവികാരം വ്രണപ്പെടുത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ന്യൂസ് ഗില്‍ പോര്‍ട്ടലിന്റെ ചീഫ് എഡിറ്റര്‍ സി.എസ്. ലിബി എഴുതി മേയ് 12നു ന്യൂസ് വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് പരാതിക്കിടയാക്കിയത്.
രാജ്യത്തെ സമാധാനവും ശാന്തതയും ഇല്ലാതാക്കുകയും മറ്റുരാജ്യങ്ങളുമായുള്ള ബന്ധത്തെ തകര്‍ക്കുകയും ചെയ്യുന്ന വിധത്തിലാണ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങളെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു. പോര്‍ട്ടലിനും എഡിറ്റര്‍ക്കുമെതിരേ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നും മതനിന്ദ പ്രചരിപ്പിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിനെതിരേ നടപടി വേണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. ഈ വാദം പ്രാഥമികമായി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, എഡിജിപി (ക്രൈം സൈബര്‍ സെല്‍) എന്നിവര്‍ വെബ് പോര്‍ട്ടല്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റിട്ടെന്ന പരാതിയില്‍ ലിബിയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കോടതി ഉത്തരവ് പ്രകാരമായിരുന്നു അറസ്റ്റ്. നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്താണ് ശബരിമല കയറുന്നതെന്ന് ലിബി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ശബരിമല കയറുമെന്നത് തന്റെ പ്രതിജ്ഞ ആണെന്നും ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: