കോഴിക്കോട്: 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി 22 പ്രവാസികള്‍ വീടുകളിലേക്ക് മടങ്ങി. ചാത്തമംഗലം എന്‍ഐടി കാമ്പസ് മാനേജ്മെന്റ് സ്റ്റഡീസ് ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 22 പേരാണ് ഇന്നലെ വീടുകളിലേക്ക് മടങ്ങിയത്. മെയ് 7ന് രാത്രി കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ആദ്യ വിമാനത്തിലെ 26 പ്രവാസികളെ എട്ടാം തിയതി പുലര്‍ച്ചെയാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്. ഇതില്‍പ്പെട്ട 22 പേരാണ് വീടുകളിലേക്ക് മടങ്ങിയത്.
നിരീക്ഷണത്തില്‍ കഴിഞ്ഞവരെ കൊണ്ടു പോകാന്‍ സ്വകാര്യ വാഹനത്തില്‍ ഡ്രൈവര്‍ മാത്രം വരികയും എന്‍ 95 മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ കരുതണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. വീടുകളിലേക്ക് മടങ്ങുന്നവര്‍ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തിലായിരിക്കും. വീട്ടിലെ 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം അടുത്തുള്ള പിഎച്ച്സിയുമായി ബന്ധപ്പെട്ടാല്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതിന്റ സര്‍ട്ടിഫിക്കറ്റ് നല്‍കും.
പ്രവാസികള്‍ മടങ്ങി 24 മണിക്കൂറിന് ശേഷം ഫയര്‍ ഫോഴ്സിനെ ഉപയോഗിച്ച് ഇവര്‍ കഴിഞ്ഞിരുന്ന മുറികളും മറ്റ് സ്ഥലങ്ങളും അണുവിമുക്തമാക്കും. ചാത്തമംഗലം പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ പി.എസ്. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി. സുരേന്ദ്രന്, ക്യാമ്പ് ചാര്‍ജ് ഓഫീസര്‍ കെ.സി. ഹാഷിദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി.എസ്. ഹൃത്വിക്, എന്‍.പി. അഭിമന്യു, വി.വി. കൃഷ്ണന് നമ്പൂതിരി എന്നിവര്‍ നടപടികള്‍ നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: