കൊച്ചി: വീട്ടിലെ മൃഗങ്ങളുടെ പരിപാലനത്തിനും ചികിത്സയ്ക്കുമായി തയാറാക്കിയ ഹൈടെക് മൊബൈല്‍ മൃഗാശുപത്രി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യ സംരംഭമാണിത്. ശ്രദ്ധ മൊബൈല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്സെമിനേഷന് ആന്‍ഡ് വെറ്ററിനറി സര്‍വീസസിന്റെ സംരംഭത്തില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഓപ്പറേഷന് തിയറ്റര്‍ സൗകര്യവും പെറ്റ് ഗ്രൂമിങ് സംവിധാനവും ഉള്‍പ്പടെ ക്രമീകരിച്ചിട്ടുണ്ട്.
ആലങ്ങാട് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റാണ് സംരംഭത്തിന് പിന്നില്‍. മൃഗങ്ങള്‍ക്ക് കൃത്രിമ ബീജാധാനം, ഗര്‍ഭ പരിശോധന, രോഗനിര്‍ണയം, പരിശോധന, സ്കാനിങ് സംവിധാനം, ശസ്ത്രക്രിയ തുടങ്ങിയവയെല്ലാം വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ശ്രദ്ധ ക്ലിനിക്കിന്റെ സേവനം ജില്ലയില്‍ മാത്രമേ ലഭിക്കുവെങ്കിലും വൈകാതെ തന്നെ സമീപ ജില്ലകളിലേക്ക് വ്യാപിപ്പിക്കും.
ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്സിങ്, കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി പ്രൊഫ. ഡോ.കെ.പി. സുധീര്‍, ബാങ്ക് ഓഫ് ഇന്ത്യ സോണല്‍ മാനേജര്‍ മഹേഷ്, നബാര്‍ഡ് ജില്ലാ മാനേജര്‍ അശോക്, കുടുംബശ്രീ അഡീഷണല്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍മാരായ കെ. വിജയം, റെജീന തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: