കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ അനുവദിച്ച പൊതുമാപ്പ് ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ ഇന്ത്യാക്കാര്‍ക്ക് ഇനി ആശ്വസിക്കാം. പൊതുമാപ്പ് ലഭിച്ച് നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യാക്കാരുമായുള്ള ആദ്യ വിമാനമാണ് ഇന്ന് രാവിലെ 9.35ന് പുറപ്പെട്ടത്.
145 സ്ത്രീകളും ഒരു കുട്ടിയും അടങ്ങുന്ന അല്‍ജസീറ വിമാനം ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണിറങ്ങുന്നത്. നാളെ രണ്ടുവിമാനങ്ങളാണ് പൊതുമാപ്പ് ലഭിച്ച യാത്രക്കാര്‍ക്കായി അനുവദിച്ചിരിക്കുന്നത്. ആദ്യത്തേത് വിജയവാഡയിലേക്കും രണ്ടാമത്തേത് ലക്നോവിലേക്കുമാണ്. കുവൈത്ത് സര്‍ക്കാരിന്റെ നാടുകടത്തല്‍ കേന്ദ്രത്തില്‍ 7000ത്തിലധികം ഇന്ത്യാക്കാരാണ് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ 800ഓളം മലയാളികള്‍ ഉണ്ടെന്നാണ് വിവരം. ഇതില്‍ ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലുങ്കാന, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങള്‍ അവരുടെ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി നേടിയിട്ടുണ്ട്. എന്നാല്‍ കേരളം ഇതുവരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടില്ല. അതിനാല്‍ കേരളത്തിലേക്കുള്ള യാത്ര വൈകാനാണ് സാധ്യത.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ഒരു മാസത്തിലധികമാണ് നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയേണ്ടിവന്നത്. കുവൈത്ത് സര്‍ക്കാര്‍ സൗജന്യ വിമാനടിക്കറ്റ് നല്‍കിയാണ് നാട്ടിലേക്ക് അയക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: