കാസര്‍കോട്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തലപ്പാടിയില്‍ നിലവിലുള്ള ഹെല്പ് ഡെസ്ക്കുകള്‍ക്ക് പുറമെ സ്ഥിരം പ്രവര്‍ത്തന സംവിധാനം ഒരുക്കും. ഇതിന് തലപ്പാടിയില്‍ ലാന്റ് അക്വസിഷന്റെ റോഡില്‍ സ്ഥിതി ചെയ്യുന്ന പ്ലൈവുഡ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്ത് സജ്ജീകരണമൊരുക്കുന്നതിന് തീരുമാനമായി. കൂടാതെ കാലിക്കടവ് അതിര്‍ത്തിയിലും ഹെല്പ് ഡെസ്ക്കുകള്‍ സജ്ജീകരിക്കുന്നതിനും ദീര്‍ഘകാല പ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നതിനും തീരുമാനിച്ചു.
തലപ്പാടി അതിര്‍ത്തിയില്‍ സജ്ജീകരിച്ചിട്ടുളള ഹെല്പ് ഡെസ്ക് കേന്ദ്രങ്ങളില്‍ ആറ് കൗണ്ടറുകളാക്കി ചുരുക്കും. ഇവിടങ്ങളില്‍ ഡേറ്റാ എന്‍ട്രി നടത്തുന്നതിന് ആവശ്യമായ അധ്യാപകരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും തീരുമാനമായി. ഹെല്പ് ഡെസ്ക് കേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷന് ചെയ്യുന്നതിന് ആഴ്ചതോറും ഓരോ അക്ഷയ കേന്ദ്രങ്ങളിലെ സ്റ്റാഫിന്റെ സൗജന്യ സേവനം ലഭ്യമാക്കും.
അതിര്‍ത്തികളിലെ ഹെല്പ് ഡെസ്ക് കേന്ദ്രങ്ങളില്‍ കെഎസ്ഇബിയുടെ താല്കാലിക കണക്ഷനുകള്‍, ഇന്റര്‍നെറ്റ് എന്നിവ ലഭ്യമാക്കുന്നതിന് തീരുമാനിച്ചു. ഇവിടങ്ങളില്‍ വൈദ്യൂതി ബന്ധം നിലയ്ക്കുമ്പോള്‍ ഉപയോഗിക്കുന്നതിന് ജനറേറ്ററുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍/ സന്നദ്ധ സംഘടനകളില്‍ നിന്നോ ലഭ്യമാക്കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായി. സബ് കളക്ടര്‍ അരുണ്‍ കെ വിജയന്, എഡിഎം. എന്‍.ദേവിദാസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ്, മറ്റ് ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: