കാട്ടാക്കട: തളർന്ന ശരീരവും തളരാത്ത മനസുമായി അജി പോരാടുകയാണ്, വിധിയോട്. പക്ഷേ, വിധിയോട് തോൽക്കാൻ മാത്രം അജി തയ്യാറല്ല.പൂവച്ചൽ ആലമുക്ക് പുതുക്കോണം ജീസസ് വില്ലയിൽ എസ്.വി അജികുമാറിന് ഇത് രണ്ടാം ജന്മമാണ്. ഇരുപത്തി ഒന്നാം വയസിൽ മരത്തിൽ നിന്ന് വീണ് നടുവിന് ക്ഷതമേറ്റു. പൊട്ടിപ്പോയ നട്ടെല്ലിൽ ആറ് കമ്പികൾ ഇട്ടെങ്കിലും അരയ്ക്ക് കീഴേ തളർന്നുപോയി.
ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ പ്രമേഹ രോഗിയായ ഭാര്യ രമ്യയും അറുപത്തഞ്ച് വയസ് കഴിഞ്ഞ കിടപ്പു രോഗിയായ അമ്മയും. ഓരോ ദിവസത്തെയും അന്നത്തിന് വേണ്ടി ആരുടെയും മുന്നിൽ കൈ നീട്ടാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കണമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ നാൽപതുകാരൻ. സോപ്പ്, കുട, ലോഷൻ, ബാഗ്, പേപ്പർ ബാഗ്, വെയിസ്റ്റ് പേപ്പറിൽ നിന്നും കൗതുക വസ്തുക്കൾ, തുണിയിൽ പൂക്കൾ, ചന്ദന തിരി, മെഴുകുതിരി, തുടങ്ങിയവ നിർമ്മിച്ച് വിറ്റഴിച്ചാണ് അജിയുടേയും കുടുംബത്തിന്റേയും ഉപജീവനം.
സ്കൂൾ തുറക്കുമ്പോൾ അജിയെ അറിയുന്നവർ കുട്ടികൾക്ക് കുടയും ബാഗുമൊക്കെ വാങ്ങാനെത്തും. എന്നാൽ ലോക് ഡൗൺ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നത് അനിശ്ചിതമായി നീളുകയാണ്. സ്കൂൾ വിപണി പ്രതീക്ഷിച്ച് നിർമ്മിച്ച കുടകളൊക്കെ വിൽക്കാനാവാത്ത സ്ഥിതി.
റേഷനരി ധാരാളമുണ്ട് വീട്ടിൽ. പക്ഷെ, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, മരുന്നുകൾ ഇവയൊക്കെ വാങ്ങാൻ നിവൃത്തിയില്ലാതെ കണ്ണീരൊഴുക്കുകയാണ് കുടുംബം. കുടകൾ വാങ്ങി അജിയെ സഹായിക്കാൻ സന്മനസുള്ളവർക്ക് 9526390391 എന്ന നമ്പറിൽ ബന്ധപ്പെടാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: