സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായാല്‍ ആ സര്‍ക്കാരിന് തുടര്‍ ഭരണം ധാര്‍മികമായി നടത്താനാവില്ല എന്നതാണ് അടിസ്ഥാനപരമായ കാര്യം. അങ്ങനെ നോക്കിയാല്‍ ഇവിടത്തെ ഇടതുഭരണത്തിനും അങ്ങനെയൊരു സ്ഥിതിവിശേഷം വന്നുചേര്‍ന്നിരിക്കുന്നു. സര്‍ക്കാരിനെ വിശ്വസിച്ച് നേരത്തെ പ്രളയഫണ്ടിലേക്കു നല്കിയ തുകകള്‍ പലരും തിരിച്ച് ആവശ്യപ്പെട്ടിരിക്കുകയാണത്രേ! 2018ലെ പ്രളയകാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്കിയ 97 പേരാണ് തങ്ങളുടെ സംഖ്യ തിരിച്ചു ചോദിച്ചിരിക്കുന്നത്. ആപത്തു കാലത്ത് സര്‍ക്കാരിന് ഒരുകൈ സഹായം നല്കാന് ഇറങ്ങിത്തിരിച്ചവര്‍ മറ്റൊരു ആപത്തുകാലത്ത് അത് തിരിച്ചു ചോദിക്കുന്നതില്‍ അനൗചിത്യമുണ്ടെന്നത് നിഷേധിക്കാനാവില്ല. പക്ഷേ, സ്വയം ചെയ്ത കാര്യം പ്രതിസന്ധി ഘട്ടത്തില്‍ തിരികെ ആവശ്യപ്പെടുന്നതിന് പല കാരണങ്ങള്‍ ഉണ്ടാവാം.
പ്രധാനം ഉദ്ദേശ്യശുദ്ധിയുടെ പ്രശ്നം തന്നെ. തങ്ങള്‍ എന്താവശ്യത്തിനാണോ തുക നല്‍കിയത്, അത് അതിനു തന്നെ ഉപയോഗിച്ചോ എന്നതാണ് കാതലായ പ്രശ്നം. 2018ലെ പ്രളയകാലത്ത് 4900 കോടി രൂപയാണ് സര്‍ക്കാരിന് ദുരിതാശ്വാസമായി ഒഴുകിയെത്തിയത്. കഷ്ടപ്പാടും കണ്ണീരുമായി കഴിഞ്ഞവര്‍ക്ക് ഒരുവിധത്തില്‍ കരകയറാനുള്ള എല്ലാ സാധ്യതകള്‍ക്കും പണം ഉപയോഗിക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ഉണ്ടായില്ലെന്നു മാത്രമല്ല, സര്‍ക്കാരിന്റെ ഇഷ്ടജനങ്ങള്‍ക്ക് ആവോളം കൈയിട്ടുവാരാന്‍ പാകത്തില്‍ ഖജനാവ് തുറന്നുവയ്ക്കുകയും ചെയ്തു. അന്നത്തെ ദുരിതത്തില്‍പ്പെട്ടവര്‍ ഇന്നും നിലയില്ലാക്കയത്തില്‍ കൈകാലിട്ടടിക്കുകയാണ്. അതിനു ശേഷമുള്ള ദുരന്തം മറ്റുള്ളവരെ മറക്കാനുള്ള ഒരു വഴിയാവുകയും ചെയ്തു. സര്‍ക്കാരിലെ മുഖ്യ കക്ഷിയുടെ പ്രാദേശികവും അല്ലാത്തതുമായ നേതാക്കള്‍ പ്രസ്തുത ഫണ്ടില്‍ നിന്ന് വേണ്ടത്ര കൈയ്ക്കലാക്കി. എറണാകുളം കാക്കനാട്ടെ സി പിഎം നേതാവും ഭാര്യയും ലക്ഷങ്ങള്‍ വാരിയെടുത്തതിനെത്തുടര്‍ന്ന് കേസിലും അറസ്റ്റിലുമായി. അറിയപ്പെടാത്ത ഒട്ടേറെ സംഭവങ്ങള്‍ വേറെയുമുണ്ടായി. ഇത്തരം പരാന്നഭോജികള്‍ക്ക് സൈ്വരവിഹാരം നടത്താന്‍ നാടിന്റെ പണം വാരിയെറിഞ്ഞു കൊടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന സന്ദേശമാണ് ഇപ്പോള്‍ സമൂഹത്തില്‍ എത്തിയിരിക്കുന്നത്. ഹോങ്കോംഗില്‍ നിന്നുള്ള ഒരു സംഘടനയുള്‍പ്പെടെ ഇത്തരം ആവശ്യം ഉന്നയിച്ചു മുന്നോട്ടു വരുമ്പോള്‍ സര്‍ക്കാരിന്റെ വികൃതമുഖം അനാവൃതമാവുകയാണ്.
സാങ്കേതികമായ ചില പ്രശ്നങ്ങളാണ് പണം തിരിച്ചു ചോദിക്കലില്‍ എത്തിയിരിക്കുന്നതെന്ന ന്യായീകരണവുമായി സര്‍ക്കാര്‍ രംഗത്തു വന്നേക്കാം. പ്രകൃതിദുരന്തം പോലും പണം വാരാനുള്ള എളുപ്പവഴിയായി ജനാധിപത്യ സര്‍ക്കാര്‍ കാണുമ്പോള്‍ പൊതുരംഗം എത്രമാത്രം മലീമസമായിപ്പോവുന്നു എന്നു വ്യക്തം. മറ്റൊരു മഹാമാരി സമൂഹത്തിനു നേരെ അലറി വിളിച്ചു വരുമ്പോഴാണ് അപ്രതീക്ഷിതമായി ഇത്തരമൊരു ദുരന്തത്തിനു കൂടി സര്‍ക്കാര്‍ വിധേയമാകുന്നത്. ഉദ്ദേശ്യശുദ്ധിയിലെ മായംചേര്‍ക്കല്‍ എക്കാലവും നടക്കില്ല എന്ന ശക്തമായ മുന്നറിയിപ്പു തന്നെയാണ് ഇതുവഴി ബന്ധപ്പെട്ടവര്‍ കൊടുത്തിരിക്കുന്നത്. കൊറോണയുടെ പേരില്‍ അരപ്പട്ടിണിക്കാരായ പെന്‍ഷന്‍കാരുടെ പോലും മടിക്കുത്തില്‍ പിടിത്തമിട്ട സര്‍ക്കാര്‍ അനാവശ്യ തസ്തികകളില്‍ കുടിയിരുത്തിയിരിക്കുന്നവര്‍ക്ക് വമ്പിച്ച ശമ്പളവും ബത്തയുമാണ് അനുവദിച്ചിരിക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വഴി ഒന്നാം നമ്പര്‍ സര്‍ക്കാര്‍ എന്നു വരുത്തിക്കൂട്ടാനുള്ള ശ്രമങ്ങള്‍ക്കിടെ വല്ല നല്ല കാര്യവും ചെയ്യാനായോ എന്ന് സ്വയം ചോദിക്കുന്നത് നന്നാവും. അതിനൊപ്പം കരുതലുള്ള പ്രവര്‍ത്തനമാണോ കടമെടുപ്പിന്റെ ഉത്സാഹമാണോ ഉള്ളതെന്നും ചോദിക്കണം.
ദുരിതാശ്വാസ നിധിയിലേക്കു കിട്ടിയ 55.18 ലക്ഷം രൂപ എന്തുകൊണ്ട് മടക്കി നല്‍കേണ്ടി വന്നു എന്നതിനെക്കുറിച്ച് സാമാന്യ ജനത്തിനു വിശദീകരണം നല്‍കുകയും വേണം. ഞങ്ങളെന്തും ചെയ്യും ആരുണ്ട് ചോദിക്കാന്‍ എന്ന ശൈലിയാണെങ്കില്‍ മറുപടി പറയാന്‍ കാലം കാത്തു നില്‍പ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: