പത്തനംതിട്ട: തുടരുന്ന ലോക്ഡൗണിന്റെ സാഹചര്യത്തിൽ റബ്ബർ അധിഷ്ടിത വ്യവസായങ്ങളും അടിതെറ്റിയതോടെ ചെറുകിട കർഷകരുടെയും തൊഴിലാളികളുടെയും ജീവിതവും വഴിമുട്ടി. റബ്ബർ ഷീറ്റുകളും കറയും എടുക്കാൻ ആളില്ലാതായതോടെ മിക്കയിടത്തും ടാപ്പിങും നിർത്തിവച്ചു.
ഇതോടെ തൊഴിലാളികളും പ്രതിസന്ധിയിലായി. കാലാവധി കഴിഞ്ഞ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റാൻ കഴിയാത്തത് ഈമേഘലയിൽ ഏറെ തൊഴിൽ അവസരങ്ങളാണ് നഷ്ടമാക്കിയത്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് തടികൾ വെട്ടിമാറ്റുന്നത്. നിയന്ത്രണങ്ങൾ മാറിയാലും മഴക്കാലമായാൽ മരങ്ങൾ മുറിച്ചുമാറ്റുന്നത് പ്രതിസന്ധിയിലാകും. ലോക്ക് ഡൗണിൽ ഷീറ്റ് വിൽക്കാൻ കഴിയാതെ കെട്ടികിടക്കുന്നതും കൊടുത്തതിന്റെ സബ്സിഡി ലഭിക്കാത്തതും കർഷകരെ നിത്യവൃത്തി കഴിയാൻപോലും പറ്റാത്ത അവസ്ഥയിലാക്കി. ഈ വർഷം ടാപ്പിംങ് ആരംഭിച്ച ചെറുകിട കർഷകരും അനുബന്ധ തൊഴിലാളികളും ഇതോടെ കൂടുതൽ ഗതികേടിലായി.
കർഷകർക്ക് ലഭിക്കാനുള്ള സബ്സിഡി ഉടൻ തന്നെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വരുമെന്ന് ആദ്യ ഘട്ട ലോക്ക് ഡൗണിൽ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെയും ഫലം കണ്ടില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സാധാരണ ടാപ്പിങ് പുനരാരംഭിക്കുന്നത്. ലോക്ക് ഡൗൺ കാലയളവിൽ സ്വന്തമായി ടാപ്പിങ് ആരംഭിച്ചവരും ഒരേക്കറിൽ താഴെ റബ്ബർമരമുള്ള ചെറുകിട കൃഷിക്കാരും ആഴ്ച തോറും ഷീറ്റും ഒട്ടുപാലും വിൽപ്പന നടത്തിയാണ് ജീവിതം നയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഷീറ്റ് ഉണങ്ങി വിൽപ്പനക്ക് തയ്യാറാക്കിയെങ്കിലും റബ്ബർ കടകൾ തുറക്കാത്തത് ഇവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. റബ്ബർ മാർക്കറ്റിങ് സഹകരണ സംഘങ്ങൾ ഷീറ്റും ഓട്ടുപാലും എടുക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ജില്ലയിൽ് ഇത്തരം കേന്ദ്രം ഉള്ളത് അടൂരാണ്. ഒരു കർഷകനിൽ നിന്നും നൂറ് കിലോ റബ്ബർ മാത്രമാണ് എടുക്കുന്നത്. വാഹനം വിളിച്ച് റബ്ബർ എത്തിച്ചാൽ തന്നെ ഗ്രേഡ് നാല് അല്ലെങ്കിൽ വിൽപ്പന നടക്കുകയുമില്ല. കർഷകർ സ്വന്തം കുടുബം പോറ്റുന്നതിന് പുറമെ ഒപ്പമുള്ള തൊഴിലാളിയെയും സംരക്ഷിക്കേണ്ട ബാധ്യതയുമുണ്ട്.
ഇതിന് പുറമെ ആസിഡ്, റബർഷീറ്റ് അടിക്കൽ, കൂലി എന്നിവ വേറെയും. റബർ ചെറുകിട മേഖലയേയും റബർ കർഷകരേയും തളർത്തിയ അവസ്ഥയിലാണ് ഇപ്പോൾ. വേനൽ കടുത്തതോടെ ചില തോട്ടങ്ങൾ മാർച്ച് മാസത്തിൽ ടാപ്പിങ് നിർത്തിവച്ചിരുന്നു. ഈ കാലയളവിൽ മറ്റ് തൊഴിൽ ചെയ്താണ് ഇവർ ഉപജീവനം നടത്തിയിരുന്നത്.
ഇങ്ങനെ തൊഴിൽ ചെയ്യുന്നവർക്ക് ഈ കോവിഡ് കാലം വലിയ തിരിയടിയായി. സ്വന്തമായി റബർ തോട്ടത്തിൽ ടാപ്പു ചെയ്ത് ഉപജീവനം കഴിക്കുന്നവരും തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാനാവാത്ത സ്ഥിതിയിലാണ്. മിക്ക റബർ കർഷകരും ഇപ്പോൾ ടാപ്പിങ് നിർത്തി വച്ചിരിക്കുകയാണ്. ഇനിയെങ്കിലും റബർ കർഷകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് സർക്കാർ അനുവദിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇവർ. കൃഷിക്കാരുടെ അവസ്ഥ പോലെ പരിതാപകരമാണ് ചെറുകിട റബ്ബർ വ്യാപാരികളുടേത്. എണ്ണായിരത്തോളം വരുന്ന റബ്ബർ വ്യാപാരികളിൽ നിലവിൽ വ്യാപാരം ചെയ്യുന്നവർ പകുതിപേർ മാത്രം. ഇവരിൽനിന്നും വൻകിട കമ്പനികൾ എടുക്കാതായതോടെ റബ്ബർ കെട്ടിക്കിടക്കുന്നു.
വാഹന ഗതാഗതം, നിർമാണം, വിൽ്പന എന്നിവ നിലച്ചതോടെ കോടികളുടെ നഷ്ടമാണ് റബ്ബർ മേഖലയിൽ ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: