തിരുവനന്തപുരം: കൊറോണയുടെ വ്യാപനം കരകൗശല നിര്‍മ്മാണത്തെയും അതിന്റെ വിപണിയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കരകൗശല വിപണിയെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളാണ് കരകാണാതെ കൊറോണച്ചുഴിയില്‍ പെട്ടുഴലുന്നത്.
അനന്തപദ്മനാഭന്റെ തിരുമുറ്റത്ത് ഉപജീവനത്തിനായി കരകൗശല വസ്തുക്കളുടെ കച്ചവടം ചെയ്യുന്നവരുടെ ജീവിതവും ഇതുകാരണം വഴിമുട്ടിയിരിക്കുന്നു. കൊറോണ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ ക്ഷേത്രത്തില്‍ പൂജകള്മാത്രമാകുകയും ഭക്തജനങ്ങളുടെ ദര്‍ശനം നിഷേധിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍കാരണം ക്ഷേത്രപരിസരത്തെ കടകളെല്ലാം അടച്ചുപൂട്ടി. കരകൗശല വസ്തുക്കളുടെ വിപണനവും വഴിമുട്ടി. കരകൗശല വസ്തുക്കളുടെ കച്ചവടം ഇവിടെവരുന്ന ഭക്തജനങ്ങളെ ആശ്രയിച്ചാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് നിത്യവും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നത്. തീര്‍ത്ഥാടകര്‍ വരുന്നത് നിലച്ചതോടെ ഇവിടത്തെ കച്ചവടവും നിലച്ചു. നിത്യവും ഇവിടുന്നു കിട്ടുന്ന വരുമാനം കൊണ്ട് ഉപജീവനം നടത്തിയിരുന്നവരുടെ ജീവിതവും ഇതോടെ വഴിമുട്ടി.
കല്ല്യാണം, പാലുകാച്ച് തുടങ്ങിയ ചടങ്ങുകള്‍ ഒന്നും നടക്കാത്തതിനാല്‍ പാരിതോഷികങ്ങളായും ആരും ഇവ വാങ്ങുന്നില്ല. അത്യാവശ്യവസ്തു അല്ലാത്തതിനാലും ആവശ്യക്കാര്‍ ഇല്ലാത്തതിനാലും നയാപൈസയുടെ കച്ചവടം നടക്കുന്നില്ല. ദിവസവും പതിനായിരങ്ങളുടെ കച്ചവടം നടന്നയിടത്താണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. ഏതാണ്ടെല്ലാപേരും കടകള്‍ വാടകയ്ക്ക് എടുത്താണ് കച്ചവടം നടത്തുന്നത്. അവരെല്ലാം കടവാടക എങ്ങനെകൊടുക്കുമെന്നറിയാതെ വിഷമിക്കുകയാണ്. രണ്ടും നാലും പേരുടെ കുടുംബങ്ങളാണ് ഓരോകടയെയും ആശ്രയിച്ച് ജീവിക്കുന്നത്. ദിവസങ്ങളോളം വിശ്രമമില്ലാതെ പണിയെടുത്താണ് കൗശലവസ്തുക്കളുടെ നിര്‍മ്മാണം. എന്നാല്‍ അവയ്ക്ക് ഈ മെനക്കേടിന്റെ കൂലിപോലും പലപ്പോഴും കിട്ടാറില്ല. സര്‍ക്കാരില്‍ നിന്നും ഇവര്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ ഒന്നും കിട്ടുന്നില്ല. കരകൗശലക്കാരുടെ സംഘടനകള്‍ക്ക് ശക്തിയില്ലാത്തതാണ് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്കഴിയാത്തതെന്നാണ് കരകൗശലവസ്തുനിര്മ്മിച്ച് വില്‍ക്കുന്ന രാജേന്ദ്രന്റെ അഭിപ്രായം. ഇനിഎത്രനാള്‍ കാത്തിരിക്കണമെന്നറിയില്ല എങ്കിലും ശ്രീപദ്മനാഭന്റെ തിരുനട ഭക്തരുടെ ദര്‍ശനത്തിനായി തുറക്കുന്ന ഒരുദിവസം ഉണ്ടാകും. അന്ന് ശ്രീപദ്മനാഭനെ കാണാനെത്തുന്ന ഭക്തരിലാണ് ഇവരുടെ പ്രതീക്ഷകളത്രയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: