പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ദേവഹരിതം പദ്ധതി ക്ഷേത്രഭൂമികള്‍ ഇനിയും അന്യാധീനപ്പെടുത്തും. ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ ഭൂമികള്‍ പാട്ടത്തിന് കൊടുത്ത് കൃഷി ചെയ്യിക്കാനുള്ള നീക്കമാണ് പദ്ധതിയുടെ മറവില്‍ നടത്തുന്നത്.’നൂറുകണക്കിനേക്കര്‍ ദേവസ്വം ഭൂമി അന്യാധീനപ്പെട്ടിട്ടും തിരിച്ചു പിടിക്കാന്‍ തയാറാകാത്ത ദേവസ്വം ബോര്‍ഡ് കൈവശമുള്ള ഭൂമികൂടി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലായി മുവായിരത്തില്‍പരം ഏക്കര്‍ ഭൂമിയാണ് പാട്ടത്തിന് നല്‍കി ദേവഹരിതം നടപ്പാക്കുന്നത്. പച്ചക്കറികള്‍, പുഷ്പസസ്യങ്ങള്‍, വാഴ, ചേന, കിഴങ്ങുവര്‍ഗങ്ങള്‍, നെല്ല്, തെങ്ങ്, കമുക്, തീറ്റപ്പുല്ല്, ഔഷധസസ്യങ്ങള്‍. ഇതിനു പുറമെ തേക്കിന്‍തൈകള്‍, മറ്റ് ഫലവൃക്ഷങ്ങള്‍ എന്നിവ നടുമെന്നാണ് പറയുന്നത്.
ഓരോ ദേവസ്വത്തോടനുബന്ധിച്ചുമുളള കൃഷിയോഗ്യമായ ഭൂമി കണ്ടെത്തി, കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിത്ത്, വളം, സാങ്കേതിക സഹായം എന്നിവ ലഭ്യമാക്കാനാണ് നിര്‍ദേശം. ഹരിത കേരള മിഷന്‍ ജില്ലാതല ഓഫീസുകള്‍ വഴി ലഭിക്കുന്ന സഹായങ്ങള്‍ ഉറപ്പാക്കാനും ഉത്തരവില്‍ പറയുന്നു. തുടര്‍ നടപടികള്‍ക്ക് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
കര്‍ഷകസംഘടനകളും കുടുംബശ്രീയും
ക്ഷേത്രഭൂമിയില്‍ കൃഷിയിറക്കാന്‍ ഉപദേശകസമിതി ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, കര്‍ഷക സംഘടനകള്‍, കുടുംബശ്രീ പ്രതിനിധികള്‍, സന്നദ്ധസംഘടന പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ആലോചനായോഗങ്ങള്‍ കൂടി ജൂണ്‍ ഒന്നിനകം പദ്ധതി ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. ഇതിന്റെ ചുമതലയും അസി. ദേവസ്വം കമ്മീഷണര്‍മാര്‍ക്കാണ്. കൃഷിസ്ഥലം ഒരുക്കുന്നത് തൊഴിലുറപ്പു തൊഴിലാളികളും.
പാട്ടക്കൃഷിക്ക് സംഘടനകളും
പല സ്ഥലങ്ങളിലും വ്യക്തികളും, സംഘടനകളും പാട്ട വ്യവസ്ഥയില്‍ ദേവസ്വം വസ്തുക്കളില്‍ കൃഷി ചെയ്യാന്‍ താത്പര്യപ്പെട്ട് മുന്നോട്ടു വരുന്ന കാര്യം ബോര്‍ഡ് ചര്‍ച്ച ചെയ്തു. ലേലം ചെയ്ത് ഏറ്റവും കൂടുതല്‍ പാട്ടം നല്‍കുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് ഉപാധികളോടെ മൂന്നു വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ വസ്തു വിട്ടുകൊടുക്കും. വസ്തു വിട്ടുനല്‍കും മുന്‍പ് ബന്ധപ്പെട്ട വ്യക്തികളുമായോ സംഘടനകളുമായോ കരാര്‍ വയ്‌ക്കണം. ഇതിന് ലോ ഓഫീസറെ ചുമതലപ്പെടുത്തി.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭൂമിയും കൃഷിക്ക്
ബോര്‍ഡ് മാനേജ്‌മെന്റിലുള്ള കോളേജുകളിലെയും സ്‌കൂളുകളിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഭൂമിയും നല്‍കും. അധ്യാപകര്‍, പിടിഎ, എന്‍എസ്എസ് വൊളന്റിയര്‍മാര്‍, എന്‍സിസി കേഡറ്റ്‌സ് എന്നിവരുടെ പങ്കാളിത്തം പദ്ധതിയില്‍ ഉറപ്പാക്കണം. മുന്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ബി. ഉണ്ണികൃഷ്ണനാണ് പദ്ധതിയുടെ ഏകോപനചുമതല. കാലവര്‍ഷത്തിന് മുന്‍പായി എല്ലാ സ്ഥലങ്ങളിലും കൃഷി ആരംഭിക്കാനാണ് തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍. വാസു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: