ഇസ്ലാമബാദ് : പാക്കിസ്ഥാനില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനായി തബ്ലീഗ് ജമാഅത്ത് നേതാവ് ഹിന്ദു ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. സിന്ധ് പ്രവിശ്യയിലെ ഇസ്ലാമിക് മിഷനറിയുടെ പിന്തുണയോടുകൂടിയാണ് ഈ തട്ടിക്കൊണ്ടുപോകല്‍ നടന്നിരിക്കുന്നത്.
പാക്കിസ്ഥാന് സിന്ധ് പ്രവിശ്യയില്‍ ഉള്‍പ്പെട്ട മട്ടിയാരി ജില്ലയിലെ ഭീല്‍ ഗോത്ര വിഭാഗത്തില്‍ പെട്ട ആണ്‍കുട്ടിയേയാണ് ഇത്തരത്തില്‍ ബലാല്കാരമായി തട്ടിക്കൊണ്ടുപോയത്. അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ റാഹത് ഓസ്റ്റിന്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ചുള്ള വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്.
കുട്ടിയുടെ മാതാപിതാക്കള്‍ മകനെ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്. മരണത്തെ വേണമെങ്കില്‍ സ്വീകരിച്ചോളാം. എന്നാലും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാണാതായ കുട്ടിയുടെ അമ്മ അറിയിച്ചു. ഇവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് പാക്കിസ്ഥാനിലെ മറ്റ് ഹിന്ദുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.
ഇത് ആദ്യമായിട്ടല്ല പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനായി കടത്തിക്കൊണ്ടുപോകുന്നത്. ഹമീദ് ഖാരി എന്ന മുസ്ലിം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് സിന്ധ് പ്രവിശ്യയിലെ ഈ മതപരിവര്‍ത്തനങ്ങളില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജമാഅത്ത് തബ്ലീഗ് മുസ്ലിം നേതാക്കളുടെ പിന്തുണയോടെയാണ് ഈ മത പരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. ഇതില്‍ ചില കേസുകളില്‍ മാതാപിതാക്കള്‍ക്ക് പണം നല്കി പ്രലോഭിപ്പിച്ചും കുട്ടികളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: