ബാഴ്സലോണ: ബാഴ്സലോണയുടെ നിലവിലെ പ്രകടനത്തെയും കളി ശൈലിയേയും വിമര്‍ശിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി. പുതിയ പരിശീലകന് ക്വികെ സെറ്റിയെന്റെ ശൈലി ശരിയല്ലെന്നാണ് പേരെടുത്ത് പറയാതെ മെസ്സി വിമര്‍ശിച്ചത്. സ്പാനിഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മെസ്സിയുടെ അഭിപ്രായ പ്രകടനം.
ബാഴ്സലോണ ഇത്തരത്തില്‍ കളിച്ചാല്‍ ഒരിക്കലും ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിക്കില്ലെന്ന് മെസ്സി അഭിപ്രായപ്പെട്ടു. ഇടവേളയ്ക്ക് ശേഷം ലാലിഗ പുനരാരംഭിക്കാനിരിക്കെ മെസ്സിയുടെ പരാമര്‍ശങ്ങള്‍ വീണ്ടും ബാഴ്സലോണയില്‍ പെട്ടിത്തെറി സൃഷ്ടിക്കുമെന്നുറപ്പാണ്. ബാഴ്സലോണയുടെ കളിശൈലിയും നിലവിലെ പ്രകടനവും മെച്ചപ്പെടുത്തണം. ഇടവേളയ്ക്ക് ശേഷം ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത് സന്തോഷം നല്കുന്ന കാര്യമാണ്. എന്നാല്‍ താരങ്ങളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കണമെന്നും മെസ്സി ആവശ്യപ്പെട്ടു.
ബാഴ്സലോണ അനായാസമായി ചാമ്പ്യന്‍സ് ലീഗ് നേടുമെന്ന പരിശീലകന്റെ അഭിപ്രായത്തോടും മെസ്സി വിയോജിപ്പ് അറിയിച്ചു. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അഭിപ്രായമുണ്ടാകുമെന്നും സ്ഥിരമായി ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന താരമെന്ന അനുഭവത്തില്‍ നിന്നാണ് താന്‍ പറയുന്നതെന്നും പരിശീലകന്റെ അഭിപ്രായം അദ്ദേഹത്തിന് പറ്റിയ പിഴവാണെന്നും മെസ്സി അഭിപ്രായപ്പെട്ടു.
മാനേജ്മെന്റുമായി സമീപകാലത്തായി അത്ര രസത്തിലല്ലാത്ത മെസ്സിയുടെ പുതിയ തുറന്നുപറച്ചിലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ബാഴ്സലോണയുടെ ഇതിഹാസ താരമായ മെസ്സി ക്ലബ്ബ് വിടുമെന്ന തരത്തില്‍ വരെ അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അത്ലറ്റികോ മാഡ്രിഡിനോട് ബാഴ്സലോണ തോറ്റതിന് ശേഷമാണ് പരിശീലകസ്ഥാനത്ത് നിന്ന് ഏണസ്റ്റോ വാല്‍വെര്‍ദെയെ മാറ്റിയത്. മെസ്സിയുടെ ഇഷ്ട പരിശീലകരിലൊരാളായിരുന്ന വാല്‍വെര്‍ദെയെ മാറ്റിയതില്‍ അദ്ദേഹം നേരത്തെ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതേ സമയം ലാലിഗ പുനരാരംഭിക്കുന്നതിനോട് മുന്നോടിയായി ബാഴ്സലോണ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: