ന്യൂദല്‍ഹി: ഇന്നലെ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയില്‍ ഭവന നിര്‍മാണ മേഖലയ്ക്ക് വലിയ ഇളവുകള്‍. ഇതുവഴി വന്‍തോതില്‍ വീടു നിര്‍മാണം ആരംഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇടത്തരം വരുമാനക്കാര്‍ക്കുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം അടുത്ത മാര്‍ച്ച് വരെ നീട്ടാനും കേന്ദ്ര തീരുമാനം.
മോദി സര്‍ക്കാര്‍ 2015 ജൂണില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രഖ്യാപിച്ചിരുന്നു. 2022 ഓടെ മുഴുവന്‍ പേര്‍ക്കും വീട് എന്ന പടുകൂറ്റന്‍ ദൗത്യമാണ് ഏറ്റെടുത്തത്. സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്കും വീട് നല്‍കുകയെന്നതാണ് ലക്ഷ്യം. ഈ ഗണത്തില്‍ വരുന്നവര്‍ ഭവന വായ്പയെടുക്കുമ്പോള്‍ അതിന്റെ പലിശയ്ക്ക് സബ്സിഡി (ഇളവ്) നല്‍കുകയെന്നതാണ് സിഎല്‍എസ്എസ്.
മൂന്നു ലക്ഷം രൂപ വരെയും ആറു ലക്ഷം രൂപ വരെയും വാര്‍ഷിക വരുമാനമുള്ളവര്‍ വീടു വയ്ക്കാന്‍ ആറു ലക്ഷം രൂപ വരെ വായ്പയെടുക്കുമ്പോള്‍ അതിന്റെ പലിശയ്ക്ക് 6.50 ശതമാനം സബ്സിഡി നല്‍കും. 20 വര്‍ഷം കൊണ്ടാണ് വായ്പ മടക്കി അടയ്ക്കേണ്ടത്. സബ്സിഡിയായി 2.30 ലക്ഷത്തോളം രൂപ വായ്പയെടുത്തയാള്‍ക്ക് ലഭിക്കും. അതായത് മൊത്തം അടയ്ക്കേണ്ട പലിശത്തുകയില്‍ 2.30 ലക്ഷം കുറവ് വരും. പ്രതിവര്‍ഷം 12 ലക്ഷം വരെ വരുമാനമുള്ളവര്‍ എടുക്കുന്ന 12 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് നാലു ശതമാനവും 18 ലക്ഷം വരെ വരുമാനമുള്ളവരുടെ’12 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് മൂന്നു ശതമാനവുമാണ് പലിശ സബ്സിഡി. ഇതുവരെ പദ്ധതിയുടെ പ്രയോജനം 3.3 ലക്ഷം പേര്‍ക്ക് ലഭിച്ചു.
പലിശ സബ്സിഡി നീട്ടുന്നതോടെ 2.5 ലക്ഷം പേര്‍ക്കു കൂടി ഇതിന്റെ പ്രയോജനം ലഭിക്കും. വലിയ തോതില്‍ ബാധ്യത കുറയുമെന്നതിനാല്‍ കൂടുതല്‍ പേര് ഇതേ തരത്തിലുള്ള വായ്പയെടുത്ത് വീടു നിര്‍മാണം ആരംഭിക്കുമെന്നും അങ്ങനെ 70,000 കോടി രൂപ ഭവന നിര്‍മാണ മേഖലയില്‍ എത്തുമെന്നുമാണ് വിലയിരുത്തല്‍. ഇത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കും. കമ്പി, സിമന്റ് അടക്കമുള്ള നിര്‍മാണ സാമഗ്രികളുടെ ആവശ്യകത കൂട്ടും.
വനവത്കരണം വഴി 6000 കോടിയുടെ തൊഴില്‍
കൊറോണ പ്രതിസന്ധിയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയാണിത്. മരങ്ങള്‍ നട്ടുപിടിപ്പിക്കുക, വനവത്കരണം നടപ്പാക്കുക, വനങ്ങളെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുക, വനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുക എന്നിവ വഴി തൊഴിലവസരം സൃഷ്ടിക്കും. വനവാസികള്ക്കാകും തൊഴില്‍ ലഭിക്കുക. പദ്ധതിക്ക് 6000 കോടി അനുവദിക്കും.
കര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധനം
നാമമാത്ര, ചെറുകിട കര്‍ഷകര്‍ക്ക് വിളയിറക്കാനും വളം ചെയ്യാനും കീടനാശിനി തളിക്കാനുമെല്ലാം പണം വേണം. ഇതിനാണ് അവര്‍ പ്രയാസം നേരിടുന്നതും. ഇതിനുള്ള വായ്പകള്‍ കര്‍ഷകര്‍ക്ക് റീജ്യണല്‍ റൂറല്‍ ബാങ്കുകളും ഗ്രാമീണ സഹകരണ ബാങ്കുകളുമാണ് നല്‍കുന്നത്. ഇങ്ങനെ കര്‍ഷകര്‍ക്ക് വായ്പ നല്കാന് നബാര്‍ഡ് (ദേശീയ കൃഷി ഗ്രാമ വികസന ബാങ്ക്) അധികമായി 30,000 കോടി രൂപ റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍ക്കും ഗ്രാമീണ സഹകരണബാങ്കുകള്‍ക്കും നല്‍കും. ഈ വര്‍ഷം പതിവുനിലയ്ക്ക് നല്കുന്ന 90,000 കോടി രൂപയ്ക്കു പുറമേയാണിത്. 33 സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും,351 ജില്ലാ സഹകരണ ബാങ്കുകള്‍ക്കും 43 റീജ്യണല്‍ റൂറല്‍ ബാങ്കുകള്ക്കുമാകും പണം ലഭിക്കുക. അവര്‍ ഇത് കര്‍ഷകര്‍ക്ക് വായ്പകളായി നല്‍കും. മൂന്നു കോടി കര്‍ഷകര്‍ക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: