ന്യൂദല്‍ഹി: ഈ വര്‍ഷാവസാനം ഇന്ത്യയില്‍ നടത്താനിരുന്ന ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്ബോള്‍ അടുത്തവര്‍ഷം നടക്കുമെന്ന് ഫിഫ അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്.
2021 ഫെബ്രുവരി പതിനേഴ് മുതല്‍ മാര്‍ച്ച് ഏഴുവരെയാണ് ലോകകപ്പ് അരങ്ങേറുക. ഈ വര്‍ഷം നവംബര്‍ രണ്ട് മുതല്‍ ഇരുപത്തിയൊന്ന് വരെ നടത്താനിരുന്ന ചാമ്പ്യന്‍ഷിപ്പാണ് മാറ്റിയത്. കൊറോണയെ തുടര്‍ന്ന് അഞ്ചു കോണ്ടിനന്റല് യോഗ്യതാ മത്സരങ്ങളും മാറ്റിവച്ചു.
ഏഷ്യയില്‍ നിന്ന് ജപ്പാനും ഉത്തര കൊറിയയും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്കും യോഗ്യത ലഭിച്ചു. ഇനി പതിമൂന്ന് ടീമുള്‍ക്ക് കൂടി യോഗ്യതാ മത്സരത്തിലൂടെ ലോകകപ്പിന് അര്‍ഹത നേടാം.
ലോകകപ്പില്‍ പങ്കെടുക്കുന്ന താരങ്ങള്‍ 2003 ജനുവരി ഒന്നിനുശേഷവും 2005 ഡിസംബര്‍ 31 ന് മുമ്പും ജനിച്ചവരായിരിക്കണം. മൊത്തം പതിനാറ് ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുക.
ആഫ്രിക്ക, യൂറോപ്പ്, ഒഷ്യാന, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, കീരബിയന് എന്നി മേഖലാ യോഗ്യത മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. ഈ മത്സരങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്.
അഹമ്മദാബാദ്, ഭുവനേശ്വര്‍, ഗുവാഹത്തി, കൊല്‍ക്കത്ത, നവി മുംബൈ എന്നി അഞ്ചു വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുക. ആതിഥേയരായ നഗരങ്ങള്‍ ലോകകപ്പിന്റെ നടത്തിപ്പിനായി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണെന്ന് ഫിഫ അറിയിച്ചു. ലോകകപ്പ് വന്‍ വിജയമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജു പറഞ്ഞു.
സ്വീഡന്, നൈജീരിയ തുടങ്ങിയ സീനിയര്‍ വനിതാ ടീമുകളെ പരിശീലിപ്പിച്ച സ്വീഡിഷ്കാരനായ തോമസ് ഡെന്നര്‍ബിയാണ് ഇന്ത്യന്‍ അണ്ടര്‍-17 വനിതാ ടീമിനെ പരിശീലിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: