പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ കൊറോണാനന്തരസാമ്പത്തിക പാക്കേജ് മാത്രമല്ല, നയപരമായ മാറ്റംകൂടിയാണ്. അതിനെ കൂടുതല്‍ വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇന്നലെ അവതരിപ്പിച്ച പാക്കേജിന്റെ ആദ്യ ഘട്ടവും സ്വാഗതാര്‍ഹമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് മൂന്നു വിഭാഗങ്ങളിലേക്കാണ് പോകുന്നത്. ചെറുകിട വ്യവസായ മേഖലയ്ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും. ഇത് വമ്പിച്ച മാറ്റമാണ്. ഇതുവരെ ഇത്തരം പാക്കേജുകളുടെ നേട്ടം കിട്ടിയിരുന്നത് വന്‍കിട വ്യവസായികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കാണ്. ഇനി അതില്ല. ഇത് നയപരമായ മാറ്റംകൂടിയാണ്. കോര്‍പ്പറേറ്റുകളാണ് വലിയ എന്‍പിഎ ഉണ്ടാക്കുന്നത്. ഇനി അതുണ്ടാവില്ല. ഈ വലിയ മാറ്റം സ്വാഗതം ചെയ്യുകതന്നെ വേണം.
പാക്കേജിന്റെ ആദ്യ ഘട്ടം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ മേഖലയ്ക്ക് ആത്മവിശ്വാസവും ശക്തിയും നല്‍കുന്നതായി. 200 കോടി രൂപവരെ മുടക്കുന്ന സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് ആഗോള ടെന്‍ഡര്‍ ഉപേക്ഷിച്ചതും അത് ആഭ്യന്തര വ്യവസായ മേഖലയ്ക്കും എംഎസ്എംഇയ്ക്കുമായി മാറ്റിവെച്ചതും നിര്‍മാണ മേഖലയിലെ വിപ്ലവമാകും. ഇതുവഴി ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയുടെ പണം വിദേശങ്ങളിലേക്ക് കൊണ്ടുപോകുന്ന പതിവിന് തടയിടാനാവും.
ഈടില്ലാത്ത വായ്പയും ഒരു വര്‍ഷത്തേക്ക് വായ്പാ തിരിച്ചടവിന് മോറട്ടോറിയവും പ്രഖ്യാപിച്ചത് എംഎസ്എംഇകള്‍ക്ക് വലിയ ആശ്വാസമാണ്. കൊറോണാ ബാധിച്ച പ്രദേശങ്ങളിലെ പ്രാദേശിക കച്ചവടക്കാര്‍ക്ക് ഇ മാര്‍ക്കറ്റുകള്‍ ശക്തിപ്പെടുത്താനുള്ള തീരുമാനം ഏറെ സ്വാഗതാര്‍ഹമാണ്. വമ്പന്‍ കമ്പനികളുടെ ഇ വാണിജ്യത്തിനു ബദലായി വളരാന്‍ അവയെ സഹായിക്കും.
വരുമാന നികുതിയിലെ ടിഡിഎസിലും ടിസിഎസിലും 25 ശതമാനം കുറവ് വരുത്താനുള്ള തീരുമാനം ജീവനക്കാര്‍ക്കും ഇടത്തരം വരുമാനക്കാര്‍ക്കും ആശ്വാസമാണ്. വരുമാനനികുതി അടച്ചവര്‍ക്ക് മടക്കിക്കൊടുക്കാനുള്ള മുഴുവന്‍ തുകയും വിതരണം ചെയ്യാന്‍ ഇന്‍കം ടാക്സ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റ് ഗാരണ്ടി നില്‍ക്കാനുള്ള തീരുമാനം, ഊര്‍ജ നിരക്കിലെ ലാഭം ഉപഭോക്താക്കള്‍ക്കു നല്‍കാനുള്ള തീരുമാനം, ബാങ്ക് ഗാരണ്ടി മടക്കിക്കൊടുക്കല്, ഐടി റിട്ടേണ്‍സ് കൊടുക്കാനുള്ള കാലപരിധി നീട്ടല്‍ തുടങ്ങിയവയും വിവിധ കരാര്‍ കാലാവധി നീട്ടിയതും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ എടുത്ത തീരുമാനങ്ങളും മറ്റും ബഹുവിധ മേഖലകളില്‍ വ്യത്യസ്ത നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ അവസരമാകും. ഇപിഎഫ് അടയ്ക്കുന്ന കാര്യത്തിലെ സര്‍ക്കാര്‍ സഹായം സൂക്ഷ്മ,ചെറുകിട മേഖലയില്‍ ഒതുക്കണം. തൊഴില്‍ദാതാവിന്റെ ഇപിഎഫ് നിരക്ക് മൂന്നു മാസത്തേക്ക് 12 ശതമാനത്തില്‍നിന്ന് 10 ആക്കിയത് ഒഴിവാക്കാമായിരുന്നു.
അഡ്വ. സി.കെ. സജിനാരായണന്‍
ബിഎംഎസ് അഖിലേന്ത്യാ അധ്യക്ഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: