കൊറോണ പ്രതിസന്ധിയില്‍പ്പെട്ട് തലതാഴ്ത്തി നിന്ന ഭാരതത്തിന്റെ സാമ്പത്തിക മേഖലയെ ആകെ തലയുയര്‍ത്തുന്ന നിലയിലേക്കെത്തിക്കുന്ന നടപടികളാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഉല്പാദന മേഖലകളെ ഊര്‍ജ്ജ്വസ്വലമാക്കി എല്ലാവരെയും തൊഴിലിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. രാജ്യത്തെ നാല്പത് ലക്ഷത്തിലധികമുള്ള ചെറുകിട-ഇടത്തരം-നാമമാത്ര യൂണിറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പ്രയോജനം ചെയ്യുന്നതാണ്. അതുവഴി വിവിധ മേഖലകളിലെ കോടിക്കണക്കിന് ജനങ്ങളുടെ കൈകളിലേക്ക് ധനമെത്തുന്നു. സാമ്പത്തിക രംഗത്തിന് ഉത്തേജനം പകരുന്നു. ഇതിലെല്ലാമുപരി ആരോഗ്യ വിദ്യാഭ്യാസ മേഖലയിലൂന്നിയുള്ള വികസനവും പദ്ധതികളും സാധ്യമാകുമ്പോഴേ കോവിഡാനന്തര ഭാരതത്തിന്റെ വികസനം കൂടുതല്‍ അര്‍ത്ഥസമ്പുഷ്ടമാകൂ എന്നാണ് ഞാന്‍ കരുതുന്നത്.
സാമ്പത്തിക രംഗത്തിന് ഉത്തേജനം പകരുന്ന അഞ്ച് തൂണുകളില്‍ ഊന്നിക്കൊണ്ടുള്ള പാക്കേജാണിപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വാശ്രയ ഭാരതം കെട്ടിപ്പടുക്കാനുള്ളതാണത്. ഉല്പാദന ഘടകങ്ങളെ ആകെ ഉത്തേജിപ്പിച്ച് വളര്‍ച്ചയിലേക്ക് നയിക്കുക എന്നതാണ് അതില്‍ പ്രധാനം. ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തുകയാണ് രണ്ടാമത്. റോഡുകള്‍, പാലങ്ങള്‍, റയില്‍വേ എന്നിവയുടെ വികസനം അതിലൂന്നിപ്പറയുന്നു. സാങ്കേതിക വിദ്യയിലൂന്നിയുള്ള വലിയ മാറ്റത്തിന് സടകുടഞ്ഞെഴുന്നേല്‍ക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ആദ്യം ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞതിലുറച്ചു നിന്നുകൊണ്ടാണിപ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ടെക്നോളജി, ട്രെയിനിംഗ്, ട്രെയ്ഡ്, ട്രെഡീഷന്, ടൂറിസം എന്നിവയെയാണ് അദ്ദേഹം വികസന മാതൃകയായി അവതരിപ്പിച്ചത്. ആധുനിക സാങ്കേതിക വിദ്യയെ അദ്ദേഹം ആത്മവിശ്വാസത്തോടെയാണ് സമീപിക്കുന്നത്.
ഇപ്പോള്‍ ഡെമോക്രസി, ഡെമോഗ്രാഫി, ഡിമാന്‍ഡ്(ജനാധിപത്യം, ജനസംഖ്യ, ആവശ്യകത) എന്നിവയില്‍ അദ്ദേഹം ഊന്നല്‍ നല്കുന്നു. മേക്കിംഗ് ഇന്ത്യയില്‍ ഉല്പാദിപ്പിക്കാന് ലോകത്തെ തന്നെ ഭാരതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെ സുരക്ഷിതത്വമുണ്ട്. ഇത് ജനാധിപത്യ രാജ്യമാണ്. ഇവിടെ കാര്യശേഷിയും കാര്യക്ഷമതയുമുള്ള തൊഴിലാളികളുണ്ട്. ഭാരതത്തിന്റെ ആവശ്യകതയും കൂടുതലാണ്. മാന്ദ്യത്തിലായിരിക്കുന്ന സാമ്പത്തിക മേഖലയ്ക്കാകെ ചലനമുണ്ടാക്കാന്‍ പര്യാപ്തമാണിതെല്ലാം.
ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പണം ജനങ്ങളുടെ കൈകളിലേക്ക് ഒഴുകിയെത്തണം. നാമമാത്ര, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടി വായ്പ നാലു വര്‍ഷം കാലാവധിക്ക് ഈടില്ലാതെ നല്‍കുകയും തിരിച്ചടവിന് ഒരു വര്‍ഷം മോറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തതിലൂടെ വലിയ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഈ മേഖലയില്‍ വരാന്‍പോകുന്നത്. നാമമാത്ര, ചെറുകിട, ഇടത്തരം സംരംഭകരുടെ നിര്‍വ്വചനത്തില്‍ വരുത്തിയ മാറ്റം ശ്രദ്ധേയമാണ്. നിക്ഷേപത്തിനു പകരം വിറ്റുവരവ് കൂടി കണക്കിലാക്കിയായിരിക്കും ഇത്തരം സംരംഭങ്ങളെ നിശ്ചയിക്കുക. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായാണ് ഈ തീരുമാനം. പ്ലാന്റ്, മെഷിനറി, മറ്റുപകരണങ്ങള്‍ എന്നിവയ്ക്ക് ചെലവാക്കിയ തുക അടിസ്ഥാനമാക്കിയായിരുന്നു ഇതുവരെ ഈ വിഭാഗങ്ങളെ വേര്‍തിരിച്ചിരുന്നതെങ്കില്‍ അതില്‍ നിന്ന് മാറി നിക്ഷേപവും വാര്‍ഷിക വരുമാനവും എന്ന മാനദണ്ഡമായിരിക്കും എംഎസ്എംഇകള്‍ക്ക് ബാധകം. ഇതുപ്രകാരം ഒരു കോടി രൂപ വരെ നിക്ഷേപവും അഞ്ചു കോടി രൂപ വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ സൂക്ഷ്മവിഭാഗത്തിലും 10 കോടി രൂപ നിക്ഷേപവും 50 കോടി രൂപ വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങള്‍ ഇനി മുതല്‍ ഇടത്തരം വിഭാഗത്തിലും ഉള്‍പ്പെടും.
ആഗോള ടെണ്ടറുകള്‍ ചെറുകിട, ഇടത്തരം മേഖലയില്‍ വിലക്കി കൊണ്ടുള്ള തീരുമാനം രാജ്യത്തിനകത്തുള്ള സംരംഭകര്‍ക്ക് അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുന്നതാണ്. ഇരുനൂറു കോടി വരെയുള്ള പദ്ധതികളെയാണ് ഇങ്ങനെ വിലക്കിയത്. ഭാരതത്തിനകത്തുള്ള സംരംഭകര്‍ക്ക് ആഗോള ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതിരുന്നതുമൂലമുണ്ടായ പ്രശ്നങ്ങള്‍ ഇതിലൂടെ പരിഹരിക്കപ്പെടുകയാണ്. സാധാരണക്കാരന് ധനം ലങിക്കുന്നത് വര്‍ധിപ്പിക്കാന്‍ സഹായകമായി പിഎഫിലേക്ക് ജീവനക്കാരന്റെ വിഹിതം 12% നിന്ന് 10% ആയി കുറച്ചു. അതേ അവസരത്തില്‍ പൊതു മേഖലാ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് 12% വിഹിതം തുടര്‍ന്നും നല്‍കും. ചെറുകിട സ്ഥാപനങ്ങളുടെ പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അടയ്ക്കുമെന്നപ്രഖ്യാപനവും തൊഴില്‍ മേഖലയ്ക്ക് സഹായകരമാണ്.
ആരോഗ്യവിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനങ്ങളാണ് കോവിഡാനന്തര ഭാരതത്തിന് അത്യാവശ്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ കൂടുതല്‍ അവസരങ്ങളും സാധ്യതകളും തുറന്നുനല്കപ്പെടും. കേരളം ജിഡിപിയുടെ 8 ശതമാനമെങ്കിലും ഈ മേഖലയ്ക്കായി മാറ്റിവയ്ക്കണം. കേന്ദ്രം ജിഡിപിയുടെ 2.5 ശതമാനം 2022 ഓടെ ആരോഗ്യ മേഖലയ്ക്കായി മാറ്റണം. ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും കൂടുതല്‍ ശ്രദ്ധയുണ്ടാകുമ്പോഴെ രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പൂര്‍ണ്ണമാകൂ. അതിലൂടെയാകണം സാങ്കേതിക വിദ്യയിലൂന്നിയുള്ള വികസന സാധ്യതകള്‍ സൃഷ്ടിക്കപ്പെടേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: