കുമളി: വീടുകളില്‍ പോലും സാമൂഹ്യ അകലം പാലിക്കണമെന്ന് അധികൃതര്‍ നിരന്തരം ഓര്പ്പെടുത്താറുണ്ട്. എന്നാല്‍ കേരള- തമിഴ്നാട് സര്‍ക്കാരുകളുടെ എല്ലാ വകുപ്പും സദാ ജാഗരൂകരാണെന്ന് അവകാശപ്പെടുന്ന കുമളി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ കാര്യങ്ങള്‍ നേരെ വിപരീതമാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിദിനം അഞ്ഞുറോളം പേര് കേരളത്തിലേക്ക് പ്രവേശിക്കുവാന്‍ എത്തിച്ചേരുന്ന അതിര്‍ത്തിയില്‍, തമിഴ്നാടിന്റെ പരിധിയില്‍പ്പെടുന്ന സ്ഥലത്ത് എപ്പോഴും വലിയ ആള്‍ക്കൂട്ടമാണ്. വൃദ്ധരും, ഗര്‍ഭിണികളും, കുട്ടികളും യാതൊരു സാമൂഹ്യ അകലമില്ലാതെ എത്രയും വേഗം അതിര്‍ത്തി കടക്കുവാന്‍ തിരക്കുകൂട്ടുന്നു.
ഇവരില്‍ ചിലരോടൊപ്പം നായ്ക്കക്കളുള്പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളുമുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥരോടൊപ്പം തമിഴ്നാടിന്റെ പോലീസും മേല്‍നോട്ടം വഹിക്കുന്ന ഇവിടെ ചില സമയത്ത് കാര്യങ്ങള്‍ നിയന്ത്രണാധീതമാകുമെന്ന് അധികൃതര്‍ തന്നെ പറയുന്നു. തമിഴ്നാട് പോലീസാകട്ടെ ഏതുവിധേനയും ആള്‍ക്കൂട്ടത്തെ തങ്ങളുടെ അതിര്‍ത്തി വിടുവാനുള്ള തത്രപ്പാടില്‍ സാമൂഹ്യ അകലമില്ലാത്തത് കണ്ടില്ലെന്ന് നടിക്കുകയാണ്.
എത്തിയത് 504 പേര്
സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ 504 പേര് കേരളത്തിലെത്തി. 259 പുരുഷന്മാരും 191 സ്ത്രീകളും 54 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട്- 421, മഹാരാഷ്ട്ര- 6, കര്‍ണ്ണാടക- 31, തെലുങ്കാന- 28, ആന്ധ്രപ്രദേശ്- 4, ഹരിയാന- 4, പുതുച്ചേരി-1, ഗുജറാത്ത്- 5, മധ്യപ്രദേശ്- 4, എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 217 പേര് ഇടുക്കി ജില്ലയിലേയ്ക്ക് ഉള്ളവരാണ്. റെഡ് സോണുകളില്‍ നിന്നെത്തിയ 56 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 448 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റൈന് നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: