റിയാദ് : സൗദിയിൽ ഉണ്ടായ വ്യത്യസ്ത അപകടങ്ങളിൽ രണ്ടു മലയാളികൾ മരണമടഞ്ഞു. കരുനാഗപ്പള്ളി വഞ്ചിനോർത്ത് പുലിയൂർ സ്വദേശി കുളത്തിൽത്തറയിൽ അബ്ദുൾ റസാഖ് (52), പാലക്കാട് കൊടുവായൂർ പെരുവമ്പു സ്വദേശി മുരളി മണിയൻ കിട്ട (50) എന്നിവർ മരിച്ചത്.
സൗദി പൗരൻ ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ടതിനെ തുടർന്ന് സമീപത്തു ജോലി ചെയ്യുകയായിരുന്ന അബ്ദുൾ റസാക്ക് കാറിനടിയിൽ പെടുകയായിരുന്നു. ശക്തമായ ഇടിയിൽ വാഹനത്തിനു തീപിടിച്ച് കാറിനടിയിൽ പെട്ട അബ്ദുൾ റസാക്ക് സംഭവ സ്ഥലത്തു തന്നെ വെന്തുമരിച്ചു. സമീപത്തുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീ ആളി പടർന്നതിനാൽ ശ്രമം പരാജയപ്പെട്ടു. മൃതദേഹം ഷുമെഷി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ രാജിതാമണി, മകൻ റിയാസ്
ജോലിക്കിടയിൽ ക്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ് ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ കഴിയുകയായിരുന്ന മുരളീ മണിയൻ കിട്ട ചൊവ്വാഴ്ചയാണ് മരണമടഞ്ഞത്. അൽറഹുജി ക്രെയിൻ സർവ്വീസിൽ മെക്കാനിക്കായി ജോലിനോക്കുകയായിരുന്നു. വ്യാഴാഴ്ച ജോലിക്കിടയിൽ ക്രെയിനിൽ നിന്നും വീണു കഴുത്തിനു പിന്നിലും നട്ടെല്ലിനും സാരമായി പരിക്കേറ്റതിനെ തുടർന്ന് ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഭാര്യ ഗീത, മകൾ രേഷ്മ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനായി കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: