ന്യൂദല്‍ഹി: 2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ആളുകള്‍ തന്നെ കൊടും വില്ലനായി ചിത്രീകരിച്ചെന്നും കൊലപാതകം ചെയ്ത കുറ്റവാളിയാണെന്ന തോന്നല്‍ പോലും തനിലുണ്ടായെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. ഒരു യുട്യൂബ് ചാനലിന് നല്കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യുവരാജ്.
മത്സരത്തില്‍ താന്‍ നന്നായി കളിച്ചില്ലെന്നത് സമ്മതിക്കുന്നു. ആ ഇന്നിംഗ്സിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. നിര്‍ഭാഗ്യവശാല്‍ അതൊരു ലോകകപ്പ് ഫൈനലായിപ്പോയി. ഇല്ലായിരുന്നെങ്കില്‍ ഇത്രയും സൂക്ഷ്മമായി തന്റെ ആ ഇന്നിംഗ്സ് വിലയിരുത്തപ്പെടില്ലായിരുന്നുവെന്നും യുവരാജ് പറയുന്നു.
വിമാനത്താവളത്തില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോവുമ്പോഴുള്ള രംഗങ്ങള്‍ ഇപ്പോഴും ഞാനോര്‍ക്കുന്നു. മാധ്യമങ്ങളും ആരാധകരുമെല്ലാം എന്നോട് പൊട്ടിത്തെറിക്കുകയായിരുന്നു. ഭാഗ്യത്തിന് ഹെഡ് ഫോണ്‍ കയ്യിലുണ്ടായിരുന്നതിനാല്‍ അത് ചെവിയില്‍ തിരുകി നടന്നു. വീടിന് നേരെ കല്ലേറ് വരെ നടന്നു. അതെല്ലാം കണ്ടപ്പോള്‍ ആരെയെങ്കിലും വെടിവെച്ചുകൊന്നശേഷം ജയിലിലേക്ക് പോകുന്ന ഒരു കുറ്റവാളിയെപ്പോലെയാണ് തനിക്ക് സ്വയം തോന്നിയതെന്നും യുവരാജ് വ്യക്തമാക്കി
കളിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ എനിക്ക് ഞാനൊരു വില്ലനാണെന്നാണ് തോന്നിയത്. വീട്ടിലെത്തിയ ശേഷം 2007ലെ ടി20 ലോകകപ്പില്‍ ആറ് സിക്സറടിച്ചപ്പോള്‍ ധരിച്ച തൊപ്പി ഊരി ഞാനെന്റെ ബാറ്റിന്റെ മുകളില്‍ തൂക്കി. ആളുകള്‍ക്ക് പിന്നീട് കാര്യങ്ങള്‍ മനസിലായെങ്കിലും ആ ഒറ്റ രാത്രിയില്‍ തന്റെ കരിയര്‍ അവസാനിച്ചുവെന്ന് കരുതിയെന്നും ഫൈനല്‍ ദിവസം രാത്രി തന്നെ പിന്തുണച്ചുകൊണ്ടുള്ള സച്ചിന്റെ ട്വീറ്റ് തനിക്കിപ്പോഴും ഓര്‍മയുണ്ടെന്നും യുവരാജ് പറഞ്ഞു.
ശ്രീലങ്കക്കെതിരെ 2014ലെ ടി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറുകളില്‍ ബാറ്റിംഗിനിറങ്ങിയ യുവി 21 പന്തില്‍ 11 റണ്‍സാണ് നേടിയത്. സ്കോറിംഗ് ഉയര്‍ത്തേണ്ട സമയത്തെ യുവിയുടെ മെല്ലെപ്പോക്ക് കാരണം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെ നേടാനായുള്ളു. മത്സരം ആറ് വിക്കറ്റിന് ജയിച്ച ലങ്ക ടി20 ലോകകപ്പില്‍ മുത്തമിടുകയും ചെയ്തു.
ഐപിഎല്ലില്‍ കോഹ്ലിക്കോ ധോണിക്കോ രോഹിത്തിനോ ലഭിച്ചതുപോലെ ഒരു ടീമിനായി തുടര്‍ച്ചയായി മൂന്നോ നാലോ വര്‍ഷം കളിക്കാനുള്ള അവസരം തനിക്ക് ഒരിക്കലും ലഭിച്ചിരുന്നില്ലെന്നും യുവി പറഞ്ഞു. തുടര്‍ച്ചയായി ഒരു ടീമില്‍ കളിച്ചതുകൊണ്ട് ആരാധകരുടെ മികച്ച അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കെല്ലാം ആയി. തനിക്ക് ഒരു ടീമിലും സ്ഥിരമാവാന്‍ അവസരം ലഭിച്ചില്ല. ഇനി ഒരിക്കലും കളിക്കാന്‍ ആഗ്രഹിക്കാത്ത ടീം കിങ്സ് ഇലവന് പഞ്ബാണെന്നും യുവി കൂട്ടിച്ചേര്‍ത്തു.
ടീമില്‍ പേരിനൊരു ക്യാപ്റ്റന്‍ മാത്രമായിരുന്നു താനെന്നും ആവശ്യപ്പെട്ട കളിക്കാരെയൊന്നും ഒരിക്കലും അവര്‍ തന്നില്ലെന്നും പകരം വേണ്ടെന്ന് പറഞ്ഞവരെ തന്നെ വീണ്ടും വീണ്ടും ടീമിലെടുത്തുെന്നും ഇന്ത്യന്‍ ടീമിലെ മികച്ച് ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു യുവരാജ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: