ന്യൂദല്‍ഹി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി കളിക്കളത്തില്‍ നിയന്ത്രണം വിട്ട് കണ്ടിട്ടുണ്ടാവുക വളരെ അപൂര്‍വ്വമായിട്ടായിരിക്കും. എന്നാല്‍ ധോണിയെ കുപിതനായി തങ്ങള്‍ കണ്ടിട്ടുണ്ടെന്ന് അടുത്തിടെ ചില താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പേസര്‍ മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ്, മുന്‍ താരം മോഹിത് ശര്‍മ എന്നിവരായിരുന്നു ധോണിയുടെ മറ്റൊരു മുഖം തങ്ങള്‍ കണ്ടിട്ടുണ്ടെന്നു തുറന്നു പറഞ്ഞത്. ഇപ്പോഴിതാ മറ്റു രണ്ടു താരങ്ങള്‍ കൂടി ധോണി നിയന്ത്രണം വിട്ട സംഭവങ്ങള്‍ക്കു തങ്ങള്‍ സാക്ഷിയായിട്ടുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്.
മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍, മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പഠാന് എന്നിവരാണ് ധോണിയെ രോഷാകുലനായി കണ്ടിട്ടുണ്ടെന്നു പറഞ്ഞിരിക്കുന്നത്. ഒരിക്കല്‍ വാംഅപ്പ് സെഷനില്‍ തനിക്കെതിരേ തെറ്റായി ഔട്ട് നല്‍കിയതില്‍ കുപിതനായി ബാറ്റ് വലിച്ചെറിഞ്ഞ ധോണിയെ തനിക്ക് ഓര്‍മയുണ്ടെന്ന് ഇര്ഫാന് വ്യക്തമാക്കി.
2006-07ലായിരുന്നു ഇത്. അന്നൊരു വാംഅപ്പ് മല്‍സരം നടത്തി. വലംകൈയന്‍ ബാറ്റ്സ്മാന്മാര് ഇടംകൈകൊണ്ടും, ഇടംകൈയന്മാര് തിരിച്ചും ബാറ്റ് ചെയ്യണം. വാംഅപ്പ് മല്‍സരം കഴിഞ്ഞ ശേഷമായിരുന്നു പരിശീലനം. വാംഅപ്പ് മല്‍സരത്തില്‍ ഔട്ട് വിളിച്ചപ്പോള്‍ തീരുമാനം തെറ്റായിരുന്നുവെന്നാണ് ധോണി കരുതിയത്. തുടര്‍ന്ന് കുപിതനായി ബാറ്റ് വലിച്ചെറിഞ്ഞ് അദ്ദേഹം ഡ്രസിങ് റൂമിലേക്കു തിരക്കിട്ടു പോവുകയും ചെയ്തു. കുറച്ചു വൈകിയാണ് ധോണി പരിശീലനത്തിന ായി തങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടറ്റഡ് ഷോയില്‍ ഇര്ഫാന് വിശദമാക്കി.
മറ്റുള്ള ക്യാപ്ന്മാരേക്കാളും തന്നേക്കാളും വളരെ കൂളാണ് ധോണിയെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ധോണിയെ രോഷാകുലനായി ചില സമയങ്ങളില്‍ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ധോണിയെ നിയന്ത്രണം വിട്ട് ഒരിക്കലും കണ്ടിട്ടില്ലെന്നാണ് ആളുകള്‍ പറയുന്നത്. പക്ഷെ താന്‍ കുറച്ചു തവണ കണ്ടിട്ടുണ്ട്. ആദ്യമായി ധോണിയെ കുപിതനായി കണ്ടത് 2007ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു. മറ്റു ലോകകപ്പുകളിലും ഇന്ത്യ മോശം പ്രകടനം നടത്തിയപ്പോള്‍ അദ്ദേഹം രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ധോണിയും മനുഷ്യനാണ്, അതുകൊണ്ടു തന്നെ അദ്ദേഹവും പ്രതികരിക്കും. അതില്‍ വലിയ കാര്യമൊന്നുമില്ല.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കുമ്പോഴും ടീമിലെ ചില താരങ്ങള്‍ ക്യാച്ച് പാഴാക്കുകയും ഫീല്‍ഡിങില്‍ പിഴവുകള്‍ വരുത്തിയാലും ധോണിക്കു കോപം വരാറുണ്ട്. എങ്കിലും വളരെ കൂള്‍ തന്നെയാണ് അദ്ദേഹം. മറ്റുള്ള എല്ലാ ക്യാപ്റ്റന്‍മാരേക്കാളും കൂള്‍ ധോണി തന്നെയാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: