മൊഗ്രാല്‍: അതിര്‍ത്തി ചെക്ക് പോസ്റ്റും, പരിശോധനയുമൊന്നുമില്ലാതെ കാസര്‍കോട് നിന്ന് കര്‍ണാടകയിലേക്കും, തിരിച്ചും റെയില്‍പാളത്തിലൂടെ ദിവസേന നടന്നുപോകുന്നത് നിരവധി അന്യ സംസ്ഥാന തൊഴിലാളികള്‍. കോവിഡ്19 ന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇതുവഴി അന്യ സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തുടരുകയാണ്. കാസര്‍കോട് ജില്ലയില്‍ നിന്ന് മാത്രമല്ല മറ്റു ജില്ലകളില്‍ നിന്ന് കൂടി അന്യ സംസ്ഥാന തൊഴിലാളികള്‍ റെയില്‍ പാളത്തിലൂടെ നടന്നു പോകുന്നത് നിത്യ കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരൊക്കെ ഇതുവഴി കാല്‍നടയായി പോകുന്നുണ്ട്. ഇതില്‍ കുട്ടികളും, സ്ത്രീകളുമുണ്ട്. കൂടാതെ ഇവരില്‍ ചിലര്‍ ഭിക്ഷാടനത്തിനായി സമീപത്തുള്ള വീടുകളിലും വരുന്നുണ്ട്. വിവിധ മേഖലകളിലായി ജോലി ചെയ്ത് വന്നിരുന്ന സംസ്ഥാനത്തെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോകാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്. ഇതിനെ കുറിച്ചുള്ള അജ്ഞതയാണ് മറുനാടന്‍ തൊഴിലാളികള്‍ ഇത്തരത്തില്‍ കാല്‍നടയായി സ്വദേശത്തേക്ക് പോകാന്‍ കാരണമാകുന്നത്.
തലപ്പാടി ദേശീയപാതയില്‍ ഒരുക്കിയ ചെക്ക് പോസ്റ്റ് സംവിധാനം കുമ്പളയിലോ, മഞ്ചേശ്വരത്തോ റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ചുമൊരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇതിന് പുറമെ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഊടുവഴിയിലൂടെ അധികൃതരുടെ കണ്ണും വെട്ടിച്ച് ദിവസവും നിരവധിപേരെത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവരെ ബോര്‍ഡര്‍ കടത്തിവിടാനായി ഏജന്‍സികള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: