പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഇന്നും പാസില്ലാതെ പത്തുപേരെത്തി. ചെന്നൈയില്‍ നിന്ന് പാസുള്ളവര്ക്കൊപ്പമെത്തിയ ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിടാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത് വാക്കുതര്‍ക്കത്തിന് കാരണമായി. യാത്രക്കാരുടെ സഹായത്തിനായി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഒരു ഹെല്‍പ്പ് ഡെസ്ക്ക് അടച്ചുപൂട്ടിയതും യാത്രക്കാരെ ദുരിതത്തിലാക്കി.
പാസില്ലാതെ എത്തുന്നവര്‍ക്ക് ഹെല്‍പ്പ് ഡസ്കില്‍ നിന്ന് മുമ്പ് ആവശ്യമായ സഹായങ്ങള്‍ ലഭ്യമായിരുന്നു. പാസില്ലാതെ എത്തുന്നവരെ അതിര്‍ത്തികളില്‍ തന്നെ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാനും പാസ് സാധുവാകുന്ന മുറയ്ക്ക് ഇവരെ കേരളത്തിലേക്ക് കടത്തിവിടാനുമാണ് നിലവില്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കേരളം പാസ് നല്‍കുന്നതിന് അനുസരിച്ച് പാസ് നല്കിയാല് മതിയെന്ന് ഇതര സംസ്ഥാനങ്ങള്‍ക്കും ഇവിടെ നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ പാസ് വിതരണത്തില്‍ അധികൃതര്‍ക്കുണ്ടാകുന്ന അപാകതയാണ് പാസില്ലാതെ ആളുകള്‍ ചെക്ക് പോസ്റ്റിലെത്താന്‍ കാരണമാകുന്നതെന്ന് ചെന്നൈയില്‍ നിന്നെത്തിയവര്‍ ആരോപിച്ചു. ഒരുകുടുംബത്തിലെ അഞ്ചുപേര്‍ പാസിന് അപേക്ഷ നല്കിയാല് അവരില്‍ മൂന്നുപേര്‍ക്ക് പാസ് നല്‍കുകയും രണ്ട് പേര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുള്ളതായി ഇവര്‍ പറയുന്നു.
കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും പാസ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്കൊരുമിച്ച് അതിര്‍ത്തി കടക്കാനും കഴിയില്ല. ഇതാണ് വാളയാര്പോലെ ഏറ്റവുമധികം യാത്രക്കാര്‍ കടന്നുവരുന്ന ചെക്ക് പോസ്റ്റുകളിലെ ഇപ്പോഴത്തെ സ്ഥിതി. വയനാട് അതിര്‍ത്തിയിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ കര്‍ണാടകയില്‍ നിന്നെത്തുന്നവരുടെയും തിരക്ക് കൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: