കട്ടപ്പന: സഹജീവി സ്നേഹം മറന്ന് പോകുന്ന ലോകത്ത് വേറിട്ട് നില്‍ക്കുകയാണ് തോപ്രാംകുടിക്കു സമീപം ഉദയഗിരി സ്വദേശികളായ ലിന്‍സ്, ലിന്റോ, ലിജോ എന്ന സഹോദരങ്ങള്‍. ഉദയഗിരിയില്‍ മെര്‍ട്ടില്‍ എന്ന കാര്‍ഷിക നഴ്സറി നടത്തുന്ന ഇവരുടെ സ്ഥാപനത്തിലേക്ക് വിളിക്കാതെ ഒരതിഥിയെത്തി, ഒരു ഇരട്ടത്തലയന്‍ കിളി. പിന്നീട് ഈ അതിഥി പലരെയും ഇവിടെ എത്തിച്ചു.
സ്വന്തം മാതാപിതാക്കളോടോ, മക്കളോടോ കരുണയില്ലാത്തവരായി മാറിയ മനുഷ്യര്‍ക്ക് മാതൃകയാവുകയാണ് ഇവര്‍. കാര്‍ഷിക നഴ്സറിയില്‍ വില്ക്കാന് വച്ചിരിക്കുന്ന ചെടികളില്‍ കൂടുകൂട്ടിയിരിക്കുന്ന കിളികളുടെ കാഴ്ച മാത്രം മതിക്ക് ചെറുപ്പക്കാരുടെ മനസ്സറിയുവാന്‍.
മൂന്ന് വര്‍ഷം മുന്‍പാണ് ചെറുപ്പക്കാരായ മൂന്ന് സഹോദരങ്ങള്‍ ഉദയഗിരിയിലെ തരിശായി സ്ഥലത്ത് നഴ്സറി ആരംഭിക്കുന്നത്. പിന്നാലെ ഒരു ഇരട്ടത്തലയന്‍ കിളി ഇവരുടെ സ്ഥാപനത്തില്‍ ചങ്ങാത്തത്തിന് എത്തിയത്. വില്ക്കാനായൊരുക്കിയ ചെടിയില്‍ കൂടുകൂട്ടി. കിളി കൂടുകൂട്ടിയ ചെടി വില്‍ക്കാതെ ഇവര്‍ സംരക്ഷിച്ചു. പിന്നീട് നിരവധി കിളികള്‍ ഇവരുടെ സ്ഥാപനത്തില്‍ കൂട് കൂട്ടുവാന്‍ എത്തി.
ഇപ്പോള്‍ നാലോളം കിളിക്കൂടുകളാണ് കാര്‍ഷിക നഴ്സറിക്കുളില് ഉള്ളത്. കിളികള്‍ കൂടുകൂട്ടിയ ചെടികള്‍ ഇവര്‍ വില്‍ക്കാറില്ല. മുട്ടയിട്ട് കുഞ്ഞ് വിരിഞ്ഞ് കഴിഞ്ഞാല്‍, കിളികള്‍ കൂട് ഉപേക്ഷിച്ചാല്‍ മാത്രമേ ഈ ചെടികള്‍ വില്‍ക്കാറുള്ളു. വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയാണ് കാര്‍ഷിക മേഖലയിലേക്ക് ഈ സഹോദരങ്ങള്‍ കടന്നുവന്നത്. ചെറുപ്പം മുതല്ക്കേ കൃഷിയോടായിരുന്നു പ്രിയം, നിരവധി ഫലവര്ഷത്തൈകളും, വിവിധയിനം മീനുകളും ഇവര്‍ വിപണനം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: