ന്യൂദല്‍ഹി: ഇത്തവണ ഐ ലീഗില്‍ കിരീടം നേടാന്‍ കഴിയാതെ പോയതില്‍ നിരാശനാണെന്ന് ഗോകുലം കേരള എഫ്സിയുടെ വിദേശതാരം സോഹിബ് ഇസ്ലാം അമിരി.
കിരീടം ലക്ഷ്യം വച്ചാണ് കളി തുടങ്ങിയത്. തുടക്കം ഗംഭീരമായിരുന്നു. പക്ഷെ സ്വന്തം തട്ടകത്തിലെ നിര്‍ണായക മത്സരങ്ങളില്‍ പോയിന്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. കിരീടം നേടാന്‍ ലഭിച്ച കനകാവസരം തുലച്ചതില്‍ നിരാശനാണെന്ന് അമിരി പറഞ്ഞു.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ മൂലം ഇന്ത്യയില്‍ കുടുങ്ങിയിരിക്കുകയാണ് അഫ്ഗാന്‍കാരനായ അമിരി. ഒരു ദശാബ്ദം മുമ്പാണ് അമിരി ഐ ലീഗില്‍ അരങ്ങേറിയത്. ഇന്ത്യയിലെ വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2019-20 സീസണില്‍ കോഴിക്കോട്ടെ ഗോകുലം കേരള എഫ്സിക്കായാണ് കളിച്ചത്. ഗോകുലം പതിനഞ്ച് മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ പന്ത്രണ്ടിലും അമരി ഉണ്ടായിരുന്നു. പതിനഞ്ച് മത്സരങ്ങള്‍ കളിച്ച ഗോകുലത്തിന് 22 പോയിന്റ് ലഭിച്ചു.
കൊറോണ മഹാമാരിയെ തുടര്‍ന്ന് ഐലീഗ് റദ്ദാക്കി. പോയിന്റ് നിലയില്‍ മുന്നിട്ടുനിന്ന മോഹന്‍ ബഗാനെ ചാമ്പ്യന്മാരുമാക്കി.
കാനഡയിലാണ് അമിരിയുടെ കുടുംബം. യാത്ര നിയന്ത്രണങ്ങളെ തുടര്‍ന്ന് കാനഡയിലേക്ക് പോകാനായില്ല. റംസാന് കാലത്ത് ഞങ്ങള്‍ വിട്ടീല്‍ ഒത്തുകൂടാറുണ്ട്. ഈ റംസാന് നാളുകളില്‍ വീട്ടില്‍ നിന്ന് അകന്ന് കഴിയേണ്ടിവന്നതില്‍ വിഷമമുണ്ട്. പക്ഷെ സ്ഥിതിഗതികള്‍ ഗുരുതരമാണ്. പ്രതിസന്ധികള്‍ നമ്മള് നേരിടുക തന്നെവേണമെന്ന് അമിരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: