ചേളന്നൂര്‍: കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലെ ഡ്യൂട്ടിക്ക് ശേഷം ക്വാറന്റൈന് കാലാവധി കഴിഞ്ഞ് വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തക തിരിച്ചുപോകണമെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ഒന്‍പത് ദിവസം ശുചീകരണ ജോലി ചെയ്ത് നിയമപ്രകാരമുള്ള ക്വാറന്റൈന് പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ചേളന്നൂര്‍ ഒന്‍പതേ ഒന്നിലെ മണ്ണാറക്കല്‍ സിസിലിയെയാണ് പ്രദേശത്തെ ഒരു വിഭാഗം ഒറ്റപ്പെടുത്തുവാന്‍ ശ്രമിച്ചത്.
രണ്ടുമാസം മുമ്പ് വീട്ടില്‍ നിന്നു പോയ സിസിലി തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. വീട്ടില്‍ താമസിക്കരുതെന്നും ഉടന്‍ തിരിച്ചു പോവണമെന്നും നാട്ടുകാര്‍ക്ക് ഭീതിയുണ്ടെന്നും പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഫോണില്‍ വിളിച്ച് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് സിസിലി പറയുന്നു. വീട്ടിലേക്ക് നടന്നു പോവുമ്പോള്‍ തന്നെ കണ്ട ചിലര്‍ വീടുകള്‍ക്കുള്ളിലേക്ക് വലിഞ്ഞത് തന്നെ വേദനിപ്പിച്ചു. മറ്റു സ്ഥലങ്ങളില്‍ തന്റെ സഹപ്രവര്‍ത്തകരെ നാട്ടുകാര്‍ ആദരിക്കുന്നത് ദിവസവും കേള്‍ക്കുന്ന തനിക്ക് ഉണ്ടായ ഈ അനുഭവം വേദനിപ്പിക്കുന്നതായിരുന്നുവെന്ന് സിസിലി കൂട്ടിച്ചേര്‍ത്തു.
നിപ കാലത്ത് മെഡിക്കല്‍ കോളേജില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയത് പരിഗണിച്ച് 57 കാരിയായ സിസിലിയെ ശുചീകരണ ജോലിയില്‍ സ്ഥിരപ്പെടുത്തുകയായിരുന്നു. കോവിഡ് വാര്‍ഡില്‍ ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങളോടെ ജോലിയെടുക്കുന്ന തങ്ങളെ ഒറ്റപ്പെടുത്തരുതെന്നാണ് ആഗ്രഹം അവര്‍ പറഞ്ഞു. നാട്ടുകാരില്‍ ചിലരും പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരും ഒറ്റപ്പെടുത്തിയപ്പോള്‍ സിസിലിക്ക് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരെത്തി.
ബിജെപി എലത്തൂര്‍ മണ്ഡലം പ്രസിഡണ്ട് സി.പി. സതീഷിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി സിസിലിയെ പൊന്നാട അണിയിച്ച് ആദരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. രാജ്യം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുമ്പോള്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം ഉപാദ്ധ്യക്ഷന്‍ കെ.പി.
സുധാകരന്, എം.കെ. രാജന്, എം.കെ. സുധാകരന്, സുധീഷ് മരുതാട് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വസന്തകുമാരി എന്നിവരും സിസിലിയുടെ വീട്ടിലെത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അവരെ വിളിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകര്‍ പറയുന്നത്. സിസിലി കാക്കൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: