ന്യൂദല്‍ഹി: വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍വഴി സംസ്ഥാനത്ത് വിതരണം ചെയ്തത് 945.75 കോടി രൂപ. 81,457 മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങളും 1.77 ലക്ഷം പാചകവാതക സിലിണ്ടറുകളും സംസ്ഥാനത്ത് വിതരണം ചെയ്തു. വിവിധ കേന്ദ്ര പദ്ധതികള്‍ വഴി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ലഭിച്ച സഹായങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ:
പ്രധാനമന്ത്രി കിസാന്‍ പദ്ധതി
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി കേരളത്തില്‍ വിതരണം ചെയ്തത് 542.80 കോടി രൂപ. സംസ്ഥാനത്തെ 27.14 ലക്ഷം കര്‍ഷകര്‍ക്ക് രണ്ടായിരം രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ വിതരണം ചെയ്തു.
ജന്‍ധന്‍ യോജന
പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരം 24,13,289 വനിതകള്‍ക്ക് 500 രൂപ വീതം ധനസഹായം ലഭിച്ചു. 24.37 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകളാണ് സംസ്ഥാനത്തുള്ളത്. 120.66 കോടി രൂപയാണ് ഇത്തരത്തില്‍ കേരളത്തിലെ വനിതകള്‍ക്ക് കേന്ദ്ര ധനസഹായമായി ലഭിച്ചത്.
സാമൂഹ്യസുരക്ഷാ പദ്ധതി
ദേശീയ സാമൂഹ്യസുരക്ഷാ പദ്ധതി (എന്‍എസ്എപി) പ്രകാരം 34.42 കോടി രൂപ കേരളത്തില്‍ വിതരണം ചെയ്തു. 6,88,329 പേര്‍ക്കാണ് 500 രൂപ വീതമുള്ള ധനസഹായം ലഭിച്ചത്.
നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് സഹായം
ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഫണ്ടില്‍നിന്ന് 15 ലക്ഷം തൊഴിലാളികള്‍ക്ക് 150 കോടി രൂപ വിതരണം ചെയ്തു.
പിഎഫ്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ അനുമതി നല്കിയതു വഴി 23,543 ഇപിഎഫ് അംഗങ്ങള്‍ക്ക് സംസ്ഥാനത്ത് പ്രയോജനം ലഭിച്ചു. ഇവര്‍ക്കായി 79.87 കോടി രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറി. അതിന് പുറമേ ഒരു ലക്ഷത്തോളം വരുന്ന ഇപിഎഫുകാര്ക്ക് സ്വാഭാവികമായി പിന്‍വലിക്കാവുന്ന 24 ശതമാനം തുകയായ 18 കോടി രൂപയും നല്കി.
ഗരീബ് കല്യാണ്‍ യോജന
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം 74,869 മെട്രിക് ടണ്‍ അരിയും ഗോതമ്പുമാണ് കേരളത്തില്‍ വിതരണം ചെയ്തത്. 1.49 കോടി ഉപഭോക്താക്കള്‍ക്ക് ഇതു പ്രയോജനം ചെയ്തു. 6,588 മെട്രിക് ടണ്‍ ധാന്യങ്ങളും സംസ്ഥാനത്തിന് കൈമാറി.
ഉജ്ജ്വല പദ്ധതി
ഉജ്ജ്വല പദ്ധതി പ്രകാരം 1.77 ലക്ഷം പാചക വാതക സിലിണ്ടറുകളാണ് സംസ്ഥാനത്ത് ഇതുവരെ സൗജന്യമായി നല്‍കിയത്. 1.92 ലക്ഷം പേര് സൗജന്യ സിലിണ്ടറിന് ബുക്ക് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരുടെ വിതരണം വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. മൂന്ന് സൗജന്യ സിലിണ്ടറുകളാണ് ഉജ്ജ്വല ഉപഭോക്താക്കള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: