മഹാമാരി, മഹാദുരന്തം… തുടങ്ങിയവ നാം കേട്ടിട്ടുണ്ടെങ്കിലും അത് ഇത്ര അനുഭവവേദ്യമായിട്ടില്ലായിരുന്നു. പ്രത്യേകിച്ചും യുവതലമുറയില്‍. ആ ന്യൂജന്‍കാര്‍ തങ്ങള്‍ക്ക് ലഭ്യമാകാത്തത് ഒന്നുമില്ലെന്ന് വിശ്വസിച്ചു. എന്നാല്‍ ജീവിതം അതൊന്നുമല്ലെന്നും അതിന്റെ ബഹുമുഖങ്ങളായ വിശേഷങ്ങള്‍ പലതുണ്ടെന്നും പഠിക്കാനും അനുഭവിക്കാനും ഇക്കാലയളവില്‍ സാധിക്കുന്നു എന്നത് തികച്ചും ക്രിയാത്മകമായ ഒരു വശമല്ലേ?
ഭൂമിയിലും തന്റെ നാട്ടിലെ പോലെയുള്ള അവസ്ഥയും അവസരവും ഇടപഴകലും ഉണ്ടാവണമെന്ന് തികച്ചും ശഠിച്ചു കൊണ്ടാണ് ദൈവം (വിശ്വസിക്കാത്തവര്‍ക്ക് അത് പ്രകൃതിയാക്കാം) മനുഷ്യന് ജീവനേകി ഭൂമിയിലേക്കയച്ചത്. അവന് ആഹരിക്കാനും ആഹഌദിക്കാനും ഉള്ള വഹകളെല്ലാം ഒരുക്കി വെച്ച ശേഷമായിരുന്നു എല്ലാം ചെയ്തത്. കരഞ്ഞുകൊണ്ട് ഭൂമിയിലെത്തിയ അവന് കരച്ചില് നിര്‍ത്താന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി കണ്ണില്‍ കണ്ടതൊക്കെ പിടിച്ചെടുക്കാനാണ് ശ്രമിച്ചത്. തലമുറകളോളം അനുഭവിക്കേണ്ടതൊക്കെ സ്വന്തമാക്കി അഹങ്കരിച്ചു. തന്നെ വെല്ലാന്‍ ആരുണ്ട് എന്നു ചോദിച്ചുകൊണ്ടിരുന്നു.
മതങ്ങളുടെ ദര്‍ശനങ്ങളും ഉദ്ബോധനങ്ങളും എത്രയെത്ര കേട്ടിട്ടും അതിന്റെ നേര്‍വഴി അവന് തേടിയില്ല. തനിക്ക് ഗുണപ്രദമായ തരത്തില്‍ അത് വ്യാഖ്യാനിച്ചു. ആ വ്യാഖ്യാനത്തിന്റെ ഇത്തിരിവെട്ടത്തിലേക്ക് സകലരേയും ആട്ടിത്തെളിച്ചു. വിശാലലോകത്തിന് അതിര് നിശ്ചയിക്കാത്ത ദൈവത്തെ വെല്ലുവിളിച്ചുകൊണ്ട് അവന് അതിരുകള്‍ തിരിച്ചു. അകറ്റി നിര്‍ത്താന്‍ ചതുരുപായങ്ങള്‍ പ്രയോഗിച്ചു. കാടും മലകളും മത്സരിച്ച് വെട്ടിപ്പിടിച്ച് സ്ഥല വിസ്തൃതി കൂട്ടി. തെളിനീരു നല്കിയ നദികളെ, പുഴകളെ സ്വാര്‍ഥതയുടെ വിഷം കലക്കി മലീമസമാക്കി. എല്ലാം തന്റെ സ്വന്തം കഴിവെന്ന അഹന്തയുടെ മുകളില്‍ കയറിനിന്ന് അപരാജിതന്‍ എന്ന് ആര്‍ത്തുവിളിച്ചു. പല തരത്തിലുള്ള സൂചനകളിലൂടെ, നിമിത്തങ്ങളിലൂടെ മനുഷ്യന്റെ തെറ്റായ പ്രവണതകള്‍ ദൈവം ചൂണ്ടിക്കാണിച്ചു. അപ്പോഴൊക്കെ സ്വതസിദ്ധമായ വെല്ലുവിളിയുടെ ആഗ്നേയാസ്ത്രങ്ങള്‍ എയ്ത് അവന് അഭിമാനിച്ചുകൊണ്ടിരുന്നു. ഇനിയും കാത്തുനിന്നാല്‍ താന്‍ രൂപകല്പന ചെയ്ത മനോഹരദേശം എന്നന്നേക്കുമായി അന്യാധീനപ്പെടുമെന്ന ആശങ്ക മൂലം ദൈവം അറ്റകൈ പ്രയോഗത്തിന് തുനിയുകയായിരുന്നു. അപ്പോഴും പക്ഷേ, നേരിട്ടെന്തെങ്കിലും ആക്രമണമല്ല ഉണ്ടായത്. കണ്ണില്‍ കണ്ട സകല ജീവികളും തനിക്ക് ആഹരിക്കാനുള്ളതാണെന്ന അത്യാര്‍ത്തിയാണ് വിനയായത്.
കാട്ടിലെ ഏതോ മൃഗത്തിനുള്ളിലെ, കണ്ണുകൊണ്ട് കാണാനാവാത്ത അണു അങ്ങനെ മാനവകുലത്തിന്റെ അന്ധകനാവുകയാണ്. പരന്ന് പടര്‍ന്ന് മനുഷ്യകുലത്തെ മൊത്തം തീര്‍ക്കുമെന്ന വാശിയോടെ ആ അണു സംഹാര താണ്ഡവമാടുന്നു. അതിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ ലോകം നിസ്സഹായതയോടെ ഇരുകൈയുമുയര്‍ത്തി കേഴുന്നു. അവിശ്വാസികള്‍ ചോദിക്കുന്നു. എന്തേ ദൈവം രക്ഷിക്കുന്നില്ല? ഇക്കാണായതൊക്കെ നല്കിയ ദൈവത്തിന് മനുഷ്യന് തിരിച്ചെന്തു നല്‍കിയെന്ന ചോദ്യത്തിന് പക്ഷേ, മറുപടിയില്ല താനും! ദൈവം നല്കിയതൊക്കെ തച്ചുതകര്‍ത്ത ശേഷമാണ് ചോദ്യമെന്നോര്ക്കണം.
ഏതായാലും ദൈവം ഉദ്ദേശിച്ച സ്വഭാവരീതിയിലേക്ക് മനുഷ്യന് ഒടുവില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഞാന്‍, എനിക്ക്, എന്റേത്, ഞങ്ങളുടേത്… എന്ന സ്വാര്‍ഥ ചിന്തയില്‍ നിന്ന് നാം, നമ്മള്, മനുഷ്യര്‍ എന്ന മഹാ സ്നേഹവഴിയിലേക്കെത്തിയിരിക്കുന്നു. അതിന് ഒരുപക്ഷേ, വന്‍ വിലയാണ് കൊടുത്തുകൊണ്ടിരിക്കുന്നത് എന്നത് ശരി തന്നെ. ഭൂതദയ, വിശപ്പ്, പരസ്പരാശ്രിതത്വം, ധാരാളിത്തം, പാഴ്ചിലവ്, പൊങ്ങച്ചം, ആഡംബരം തുടങ്ങി സകലതും എന്താണെന്ന് സ്വയം അറിയുന്നു. ദൈവം എവിടെ എന്ന ചോദ്യത്തിന് മഹാമനീഷിയായ ശ്രീനാരായണ ഗുരുദേവന് ‘അത് നിന്റെ ഉള്ളില്‍’ എന്നാണ് മറുപടി പറഞ്ഞത്. അത് അറിയണമെങ്കില്‍ സ്വയം അറിയണം എന്നും അദ്ദേഹം വിശദീകരിച്ചു.
സ്വയം അറിയാനുള്ള ഉപാധിയെന്ന നിലയില്‍ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തുകയും ചെയ്തു. നിന്റെ ഉള്ളിലുള്ളത് നിന്റെ മുഖത്തറിയാം എന്ന തത്വം കണ്ണാടി പ്രതിഷ്ഠയിലൂടെ അദ്ദേഹം ലോകത്തിന് നല്കി. ഉള്ളിലെ ഉണര്‍വ് ദൈവമാവുന്ന മാസ്മരവിദ്യയാണ് ഗുരു മാനവരാശിക്കു നല്‍കിയത്. ഇപ്പോള്‍ ഈ മഹാമാരി കാലത്തും നാം ഉള്ളിലേക്കു നോക്കുകയാണ്. കെട്ട സംസ്കാരത്തിന്റെ ദുര്‍ഗന്ധവും പേറി ജീവിക്കുന്ന മനുഷ്യര്‍ക്ക് നന്മകെട്ടിപ്പടുക്കാനുള്ള അവസരമാണ് ഒരുതരത്തില്‍ പറഞ്ഞാല്‍ കൈവന്നിരിക്കുന്നത്. ഒന്നിനും സമയമില്ലാതെ ഒന്നുമല്ലാത്തതിന്റെ പിന്നാലെ ഓടിയോടിത്തളര്‍ന്നവര്‍ക്ക് ഉള്ളിലേക്ക് നോക്കാനും കൂടുതല്‍ ഊര്‍ജം സംഭരിക്കാനുമുള്ള മഹനീയ അവസരമാണ് കണ്ണുകൊണ്ട് കാണാനാവാത്ത ഒരണു ഉണ്ടാക്കിയിരിക്കുന്നത്. ഇതൊരു ആകാശഗംഗയില്‍ മുങ്ങുന്ന അനുഭവമാണ്. അതില്‍ മുങ്ങി നിവരുന്നതോടെ പകയും ശത്രുതയും വൈരവും കാപട്യവും കള്ളത്തരവും കുതികാല്‍വെട്ടും ഉള്‍പ്പെടെയുള്ള സകല വിഷവും മനുഷ്യരില്‍ നിന്ന് അലിഞ്ഞലിഞ്ഞു പോ
കും. ഈ അണുപ്രസരണത്തിന് മുമ്പും പിമ്പും എന്ന രീതിയില്‍ ലോക ക്രമത്തില്‍ മാറ്റം വരും. ‘ചളി പറ്റിയാല്‍ അതു നല്ലതല്ലേ’ എന്ന സോപ്പുപൊടിയുടെ പരസ്യം ഓര്മ വരുന്നുവെങ്കില്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: