കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ തെരുവുവിളക്കുകള്‍ തെളിയാന്‍ ഇനിയും കാത്തിരിക്കണം. കോര്‍പ്പറേഷനിലെ തെരുവുവിളക്കുകള്‍ എല്‍ഇഡി ആക്കാനും പത്ത് വര്‍ഷം പരിപാലനം നടത്താനും കോര്പ്പറേഷന് കര്‍ണ്ണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്പ്മെന്റ് കോര്‍പ്പറേഷനുമായി കരാര്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല. ഫെബ്രുവരിക്കകം വിളക്കുകള്‍ പൂര്‍ണ്ണമായി എല്‍ഇഡി ആക്കുമെന്നായിരുന്നു കിയോണിക്സുമായുള്ള കരാര്‍. എന്നാല്‍ പദ്ധതി പകുതി ഘട്ടം പോലുമെത്തിയിട്ടില്ല. മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നായിരുന്നു മേയറുടെ അവസാന ഉറപ്പ്. പണിവൈകിയതുകൂടാതെ കോവിഡ് കൂടി വന്നതോടെ പദ്ധതി അനിശ്ചിതമായി നീളും. ചൈനയില്‍ നിന്നാണ് എല്‍ഇഡി ബള്‍ബുകള്‍ എത്തിക്കുന്നത്.
ഇവയുടെ ഘടകങ്ങള്‍ പൂനെയില്‍ സംയോജിപ്പിച്ചാണ് എത്തിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ചൈനയില്‍ ഫാക്ടറി അടച്ചു പൂട്ടിയതോടെയാണ് പദ്ധതി പൂര്‍ണ്ണമായി അനിശ്ചിതത്വത്തില്‍ ആയത്. 57 കോടിരൂപയുടെതാണ് പദ്ധതി. 36000 ത്തോളം തെരുവു വിളിക്കുളാണ് എല്‍ഇഡി ആക്കാന്‍ ഉദ്ദേശിച്ചിരുന്നത്. തെരുവ് വിളക്ക് കേടായാല്‍ 48 മണിക്കൂറിനുള്ളില്‍ അത് അറ്റകുറ്റപ്പണി നടത്താനുള്ള ചുമതലയും കിയോണിക്സിനായിരുന്നു. കരാര്‍ ഒപ്പിട്ട് ആറു മാസത്തിനുള്ളില്‍ തെരുവുവിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡി ആക്കുമെന്നായിരുന്നു കരാര്‍. നഗരത്തിലെമ്പാടും തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിക്കുമ്പോള്‍ കിയോണിക്സുമായുള്ള കരാര്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മേയര്‍ കൗണ്‍സിലര്‍മാരെ ഇരുത്തിയിരുന്നത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല.
8000 ട്യൂബ് ലൈറ്റുകള്‍ വാങ്ങാന്‍ നീക്കം
കെഎസ്ഇബിക്ക് നല്‍കാനുള്ളത് 50 ലക്ഷം
കോഴിക്കോട്: കോഴിക്കോട് തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡി ആക്കുവാനുള്ള കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേടായ തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനം.
ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി കോര്‍പ്പറേഷനില്‍ നടന്ന യോഗത്തിലാണ് തീരുമാനം. നാളെ നടക്കുന്ന കെഎസ്ഇബി ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും. കുടിശ്ശികയിനത്തില്‍ കെഎസ്ഇബിക്ക് 50 ലക്ഷം നല്‍കാനുണ്ട്.
കേടായ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണിക്കായി അടിയന്തരമായി എണ്ണായിരം ട്യൂബ് ലൈറ്റുകള്‍, അനുബന്ധ സാമഗ്രികള്‍ വാങ്ങാനാണ് നീക്കം. എന്നാല്‍ ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ മാത്രം ഒന്നരമാസമെങ്കിലും എടുക്കുമെന്ന കാരണത്താല്‍ ടെണ്ടര്‍ ഒഴിവാക്കി നേരിട്ട് വാങ്ങിക്കാനാണ് നീക്കം. പര്‍ച്ചേഴ്സ് കമ്മിറ്റിയുടെ അംഗീകാരം, കൗണ്‍സിലിന്റെ അംഗീകാരം, ടെണ്ടര്‍ നടപടികള്‍ എന്നിവ പൂര്‍ത്തിയാകാനുള്ള കാലതാമസം ഒഴിവാക്കാനാണ് നേരിട്ട് വാങ്ങിക്കുന്നത് എന്നതാണ് വിശദീകരണം. കാലവര്‍ഷം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നഗരത്തിലെ ഭൂരിഭാഗം തെരുവുവിളക്കുകളും കണ്ണടച്ചിരിക്കുകയാണ്.
കെഎസ്ഇബിയുടെ കുടിശ്ശിക ഉടന്‍ ലഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ പി. വി. ലളിതപ്രഭ പറഞ്ഞു. ട്രഷറിയില്‍ നിന്ന് ബില്‍ പാസാകാന്‍ മന്ത്രിതലത്തില്‍ ഇടപെട്ടിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം ഉണ്ടാവും. ഇതിനായി നേരത്തെ തന്നെ മേയര്‍ ബന്ധപ്പെട്ടിട്ടുണ്ട്. മെയ് 7 ന് കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 50 ലക്ഷം രൂപ കുടിശ്ശിക വകയില്‍ കിട്ടാനുള്ളതാണ് അറ്റകുറ്റപ്പണി തുടരാന്‍ കെഎസ്ഇബിക്ക് തടസ്സം. ട്രഷറി നിരോധനം മറികടക്കാന്‍ കഴിയുമോ എന്നുള്ളത് അടുത്ത ദിവസങ്ങളിലറിയാം. 5 ലക്ഷം രൂപ വരെയുള്ള ബില്ലുകളാണ് നിലവില്‍ ട്രഷറിയില്‍ നിന്ന് മാറാന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: