കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷത്തോളം മലയാളികള്‍. ഇനിയും കടമ്പകള്‍ ഏറെ കടന്നെങ്കില്‍ മാത്രമേ ഇവര്‍ക്ക് കേരളത്തിലെത്താനാകൂ. ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പോകാന്‍ കഴിഞ്ഞപ്പോഴും കേരള സര്‍ക്കാരിന്റെ അനാസ്ഥ കാരണം മലയാളികള്‍ക്ക് നാട്ടില്‍ തിരികെ വരാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെയാണ് കേരളത്തിലേക്ക് തിരികെ വരുന്നതിനുള്ള യാത്രാ പാസുകള്‍ക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്.
മടങ്ങിയെത്തേണ്ടവര്‍ ആ ജില്ലയുടെ കളക്ടറില്‍ നിന്ന് യാത്രാനുമതി വാങ്ങണം. പുറപ്പെടുന്നതോ കടന്നു പോകുന്നതോ ആയ സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേക യാത്രാനുമതി അതത് യാത്രക്കാര്‍ സംഘടിപ്പിക്കണം. ഓരോ വ്യക്തിയും നല്കിയ വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പ് വരുത്തിയ ശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്കും ഇ-മെയിലിലേക്കും ക്യുആര്‍ കോഡ് സഹിതമുള്ള യാത്രാനുമതി ബന്ധപ്പെട്ട ജില്ല കളക്ടര്‍ നല്‍കും. ഇങ്ങനെ അനുമതി ലഭിച്ചതിന് ശേഷമേ യാത്ര സാധ്യമാകൂ. മാത്രവുമല്ല കൊറോണ ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റും ആവശ്യം.
ഇന്നലെ രാത്രി മുതല്‍ പാസ് അനുവദിച്ചു തുടങ്ങിയെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നതെങ്കിലും അക്കാര്യത്തിലും കടുത്ത ആശയക്കുഴപ്പമുണ്ട്. കര്‍ണാടകത്തില്‍ നിന്ന് വരാനായി രജിസ്റ്റര്‍ ചെയ്ത വ്യക്തിയോട് തിങ്കളാഴ്ച രാവിലെ ഏഴിന് വാളയാര്‍ ചെക്ക്പോസ്റ്റിലെത്താന്‍ ഞായറാഴ്ച രാത്രി ആവശ്യപ്പെട്ടതടക്കം അപ്രായോഗിക നടപടികളാണ് തുടരുന്നത്.
യാത്രാചെലവുകള്‍ അതത് ആളുകള്‍ തന്നെ വഹിക്കണമെന്നാണ് നോര്‍ക്കയുടെ നിര്‍ദേശം. എന്നാല്‍ ട്രെയിനോ മറ്റ് പൊതു യാത്രാ സൗകര്യങ്ങളോ കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടില്ല. തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് മാത്രം മടങ്ങിവരാനുള്ളവരുടെ എണ്ണം ഒരു ലക്ഷത്തോളം. കര്‍ണാടകത്തില്‍ നിന്ന് 49,233 മലയാളികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്. തമിഴ്നാട്ടില്‍നിന്ന് 45,491 പേരും മഹാരാഷ്ട്രയില്‍ നിന്ന് 20,869 പേരും സ്വദേശത്തേക്ക് മടങ്ങാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: