കാസര്‍കോട്: ദേശീയ പാതകളായ 66, 47, 48 എന്നിവയിലൂടെ കേരളീയരായ വ്യക്തികള്‍ സ്വദേശത്തേക്ക് മടങ്ങുന്നതിന് സാധ്യതയുള്ളതിനാൽ ഇന്ന് മുതല്‍ രാവിലെ എട്ടുമണി മുതല്‍ തലപ്പാടി ചെക്ക് പോസ്റ്റുകളിലെ 100 ഹെല്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തന ക്ഷമമാകും. ജമ്മു കാശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ദല്‍ഹി, ബീഹാര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളളവരാണ് കൂടുതലായി എത്തുക. ഏകദേശം 4500 ഓളം പേര് സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്നും ജില്ലാ അതിര്‍ത്തിയിലെത്തുന്ന ഓരോ വണ്ടിക്കും ആര്‍ടിഒ, പോലീസ് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കും. ഒന്നു മുതല്‍ 100 വരെയുള്ള ടോക്കണാണ് നല്‍കുക. ടോക്കണിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഹെല്പ് ഡെസ്ക്കുകളിലേക്ക് ക്യാപ്റ്റന്‍/ഡ്രൈവര്‍ എന്നിവരെ രേഖകള്‍ പരിശോധിക്കുന്നതിന് കടത്തി വിടു. വാഹനത്തില്‍ നിന്ന് ക്യാപ്റ്റന്‍/ഡ്രൈവര്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാകു. നാല് സീറ്റ് വാഹനത്തില്‍ മൂന്ന് പേരും ഏഴ് സീറ്റ് വാഹനത്തില്‍ അഞ്ചുപേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു.
ക്യാപ്റ്റന്‍/ഡ്രൈവര്‍ എന്നിവര്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഒരു ജെഎച്ച്ഐ, ആര്‍ടിഒ റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം വാഹനം പരിശോധിച്ച് യാത്രക്കാരുടെ എണ്ണം, രോഗവിവരങ്ങള്‍, കോവിഡ് പ്രോട്ടോകോള്‍ പാലനം, നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തും. ഏതെങ്കിലും തരത്തില്‍ രോഗ ലക്ഷണങ്ങളുള്ളവരെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കുന്നതിന് പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും.പരിശോധനയ്ക്ക് ശേഷം ജില്ലയിലുളളവരാണെങ്കില്‍ അവരെ ആംബുലന്‍സില്‍ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കും. മറ്റ് ജില്ലയിലുളളവരാണെങ്കില്‍ സ്വദേശത്തെത്തിക്കുന്നതിന് അവരുടെ ചെലവില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി കൊടുക്കും.
രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലെത്തിക്കുന്നതിനായി ലഭ്യമായ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുളള ആംബുലന്‍സുകളില്‍ അടിയന്തിര സേവനത്തിന് ഉപയോഗിക്കേണ്ടവ ഒഴിച്ച് ഹെല്പ് ഡെസ്ക്കുകളില് സജ്ജമാക്കി നിര്‍ത്തും. തലപ്പാടിയിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചേരാനായി കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് തലപ്പാടിയിലേക്കും തിരിച്ചും കെഎസ്ആര് ടിസി ബസ്സ് ഏര്‍പ്പെടുത്തും. 20 ഹെല്പ് ഡെസ്ക്കുകള്‍ക്ക് ഒരാളെന്ന തോതില്‍ 100 ഹെല്പ് ഡെസ്ക്കുകളില് അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് മൂന്ന് ഷിഫ്റ്റുകളായി 15 സംരംഭക്കാരെ നിയോഗിക്കും.
ജില്ലാ അതിര്‍ത്തി കടന്ന് ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കൂടുതല്‍ ആളുകള്‍ വാഹനത്തിലെത്തിച്ചേരാന് സാധ്യത കാണുന്നതിനാല്‍ ഇന്ന് മുതല്‍ ആദ്യത്തെ നാലു ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ ഒരുക്കിയിട്ടുളള സംവിധാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: