കായംകുളം: സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനെന്ന് അറിയപ്പെടുന്ന കായംകുളം സിഐക്കെതിരെ ഒരു വിഭാഗം സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടാനേതാക്കള്‍ നടത്തുന്ന ആസൂത്രിത നീക്കം വ്യക്തമായ അജണ്ടകളോടെ. ഇടത് സ്വാധീനമേഖലയായ ഇവിടെ കാലാകാലങ്ങളില്‍ സിപിഎമ്മുകാരായ ഉദ്യോഗസ്ഥരെമാത്രമാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ സിഐ ഗോപകുമാറിനെ പോലെയുള്ള ചുരുക്കം ചിലര്‍മാത്രമാണ് ഇവിടുത്തെ ഗുണ്ടാനേതാക്കള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തിട്ടുള്ളത്. സിപിഎമ്മുകാര്‍ അടക്കം പ്രതിയായ കേസുകളില്‍ ഭൂരിഭാഗത്തിലും മുഖം നോക്കാതെയായിരുന്നു അദ്ദേഹം കേസെടുത്തിരുന്നത്. ഇതോടെ സഖാക്കളുടെ കണ്ണിലെ കരടായി ഇദ്ദേഹം മാറി.
വധശ്രമക്കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടില്‍ പരിശോധന നടത്തിയ സിഐയ്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിസഖാക്കള്‍ കലിതുള്ളിയിട്ടും സര്‍ക്കാരിന് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കാത്തതും ഉദ്യോഗസ്ഥന്റെ സത്യസന്ധത തന്നെ. സ്വയരക്ഷയ്ക്കായി തോക്കുമായി സിഐ പരിശോധനയ്ക്ക് പോയതില്‍ തെറ്റൊന്നുമില്ലെന്ന് ജില്ലാ പോലീസ് മേധാവി നിലപാടെടുത്തതോടെ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി സിഐയെ സ്ഥലം മാറ്റിക്കാനാണ് ഡിവൈഎഫ്ഐ ബ്ലോക്ക് നേതൃത്വത്തിന്റെ ശ്രമം.
രാജി നാടകം
വിഷയത്തില്‍ പ്രതിഷേധിച്ച് കുട്ടിസഖാക്കളുടെ രാജിവെറും നാടകമാണെന്ന് ആക്ഷേപം. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ നഗരസഭാധ്യക്ഷന്‍ എന്‍. ശിവദാസനെ ഹെല്‍മെറ്റ് ഇല്ലാത്തതിന് പിഴ അടപ്പിച്ചതിനെ തുടര്‍ന്നാണ് സിഐയ്ക്കെതിരേ ഡിവൈഎഫ്ഐ പരസ്യമായി രംഗത്തിറങ്ങിയത്. എന്നാല്‍ ഇതിന് എല്ലാം പിന്നില്‍ ചില വിശ്വസ്തരെ മുന്‍ നിര്‍ത്തിക്കൊണ്ട് ചെയര്മാന് നടത്തുന്ന നാടകമാണെന്ന് ഒരു വിഭാഗത്തിന് ആരോപണമുണ്ട്. എംഎല്‍എയും നഗരസഭാധ്യക്ഷനും തമ്മിലുള്ള തര്‍ക്കം അടക്കം മേഖലയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുന്ന അവസ്ഥയാണ്.
എന്നാല്‍ സിഐക്കെതിരെ ഇപ്പോള്‍ നടപടിയെടുത്താല്‍ ജനവികാരം എതിരാകുമെന്ന ഭയം സിപിഎം നേതൃത്വത്തിനുണ്ട്. അതിനാലാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങാത്തത്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന ചെയര്‍മാനെതിരെ സഖാക്കളില്‍ തന്നെ എതിരഭിപ്രായമുള്ളവരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: