തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായവര്‍ക്ക് ആദരവര്‍പ്പിക്കുന്നതിനായി രാവിലെ 7.50ന് ശ്രീനഗറില്‍ നിന്ന് പുറപ്പെട്ട വ്യോമസേനയുടെ സി 130 ഹെര്‍ക്കുലിസ് വിമാനങ്ങള്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുകളില്‍ വൈകിട്ട് 5.30ന് ഫ്ളൈ പാസ്റ്റ് നടത്തി. രണ്ടു വിമാനങ്ങളാണ് സെക്രട്ടേറിയറ്റിന് മുകളിലൂടെ പറന്നത്.
ശ്രീനഗറിലെ ദാല്‍ തടാകത്തിന് മുകളിലൂടെ പറന്ന വിമാനങ്ങള്‍ ചണ്ടിഗഡിലെ സുഖ്ന തടാകം ഡല്‍ഹിയില്‍ രാജ്പഥ്, ജയ്പൂരിലെ ഹവാമഹല്‍, ഭോപ്പാലിലെ അപ്പര്‍ലേക്ക്, മുംബയിലെ ഇന്ത്യാ ഗേറ്റ്, ഹൈദരാബാദിലെ ഹുസൈന്‍സാഗര്‍ തടാകം, ബംഗളൂരു വിധാന്‍ സൗധ, കന്യാകുമാരി വിവേകാനന്ദപാറ എന്നിവയ്ക്കു മുകളിലൂടെ പറന്നാണ് തിരുവനന്തപുരത്തെത്തിയത്. രാജ്പഥില്‍ മൂന്നു ഹെര്‍ക്കുലിസ് വിമാനങ്ങളാണ് പറന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ആരോഗ്യ പ്രവര്‍ത്തകരെ വ്യോമസേന ആദരിച്ചത് സാരംഗ് ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തിയാണ് ്.
രാവിലെ പത്ത് മണിക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുഷ്പവൃഷ്ടി നടത്തിയത്. രാവിലെ 10.10ന് ജനറല്‍ ആശുപത്രിക്ക് മുകളില്‍ ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടി നടത്തി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഇരുസ്ഥലത്തും അണിനിരന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും പ്രതിമയ്ക്ക് സമീപം മുതല്‍ പ്രധാന കവാടം വരെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അണിനിരന്നത്. ജനറല്‍ ആശുപത്രിയില്‍ മുന്‍വശത്തെ ഗെയ്റ്റിന് സമീപം ആരോഗ്യപ്രവര്‍ത്തകര്‍ നിന്നു. രണ്ടിടത്തും മൂന്നു വട്ടമാണ് ഹെലികോപ്റ്ററില്‍ നിന്ന് ചുവന്ന റോസാപുഷ്പങ്ങളും പൂവിതളുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്കു മേല്‍ വിതറിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ കൈവീശി ആദരവിന് നന്ദി അറിയിച്ചു. വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്ററാണ് പുഷ്പങ്ങള്‍ വിതറിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സായുധ സേന ആദരവ് അര്‍പ്പിക്കുന്നതിന്റെ ഭാഗമായി ബാന്റ് മേളവും കേക്ക് മുറിക്കലും നടന്നു.
വിഴിഞ്ഞത്തെ തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ മേയ് രണ്ട്, മൂന്ന് തീയതികളില്‍ ശംഖുംമുഖം കടലില്‍ തീരസംരക്ഷണ സേനയുടെ കപ്പലില്‍ ലൈറ്റ് മുഴുവന്‍ പ്രകാശിപ്പിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: