ഉദുമ: ലോക്ഡൗണിലും ജനസേവനത്തില്‍ മുഴുകി ഉദുമ എരോലിലെ വിശ്വകര്‍മ്മ സമുദായം. കുടിവെള്ളം ശേഖരിക്കുന്ന കിണറുകളും കുളങ്ങളും വൃത്തിയാക്കി നല്‍കിയാണ് വരള്‍ച്ചയുടെ ഈ വേളയില്‍ ഇവര്‍ നാട്ടുകാരെ സഹായിക്കുന്നത്. ഇപ്പോള്‍ ഗ്രാമത്തിലെ വീട്ടുമുറ്റങ്ങളിലെ കിണര്‍ വൃത്തിയായാക്കിയാണ് ഗ്രാമത്തിന് മാതൃകയാവുന്നത്. വേനല്‍ കാലത്തിന്റെ തുടക്കമായ ഫെബ്രുവരി മാസത്തോടെ പ്രദേശത്തെ കിണറുകള്‍ വറ്റിവരണ്ട് കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന പ്രദേശമാണ് എരോല്‍ ഗ്രാമം.
കിണറുകള്‍ നിരവധിയുണ്ടെങ്കിലും ശുചീകരണത്തിനും കിണറ്റില്‍ ഇറങ്ങാന്‍ തൊഴിലാളികളെ കിട്ടാത്തതും കിണറുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യത്തിന് കാരണമാവുന്നു. ശൂചീകരണത്തിന് ഭാരിച്ച ചെലവ് വരുന്നതിനാല്‍ കുഴല്‍ കിണറിനെ ആശ്രയിക്കുകയാണ് നാട്ടുകാര്‍. അതിനാലാണ് വിശ്വകര്‍മ സമുദായം എരോല്‍ ഗ്രാമ കമ്മറ്റിയുടെ നേതൃത്വത്തില്‍ സൗജന്യമായി കിണര്‍ ശുചീകരണ പ്രവര്ത്തനങ്ങളുമേറ്റെടുത്തത്. നാല് കിണറുകള്‍ ഇതിനോടകം വൃത്തിയാക്കി കുടിവെള്ള സൗകര്യമൊരുക്കി കഴിഞ്ഞു. കുലത്തൊഴില്‍ മാത്രമല്ല മറ്റ് പ്രവര്‍ത്തനങ്ങളും വഴങ്ങുമെന്ന് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്.
കിണര്‍ ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് കമ്മറ്റിയെ സമീപിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ അവസാനിക്കുന്നതിന് മുമ്പ് ചെയ്ത് തീര്‍ത്തു കൊടുക്കാനുള്ള പരിശ്രമം നടത്തുന്നതായി പ്രസിഡന്റ് ശശിധരന് നാഗത്തിങ്കാല്‍ പറഞ്ഞു. ആഴ്ചയില്‍ രണ്ട് ദിവസം ഗ്രാമത്തിലെ വീടുകളില്‍ അവര്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള തീറ്റയും എല്ലാ ദിവസവും രോഗികള്‍ക്കാവശ്യമായ മരുന്നുകളും എത്തിച്ചു നല്‍കുന്നുണ്ട്. അതിന്റെ ഇടയില്‍ കിട്ടുന്ന ദിവസങ്ങളാണ് കിണര്‍ ശുചീകരണത്തിന് തിരഞ്ഞെടുക്കുന്നത്.
വിബീഷ് ചന്ദ്രപുരം, മധു വടക്കേക്കര, വൈ. കൃഷ്ണദാസ്, ശശിധരന് വടക്കേക്കര, പത്മനാഭന് തെക്കേക്കര, വൈ.സുരേന്ദ്രന്, ഗംഗാധരന് വടക്കേക്കര, വൈ.ദേവിദാസ്, ശിവകുമാര്‍ നാഗത്തിങ്കാല്‍, കൃഷ്ണന് വേടുത്തൊട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശൂചീകരണ പ്രവര്‍ത്തനം നടക്കുന്നത്. ലോക് ഡൗണ്‍ ആയതിനാല്‍ സമൂഹിക അകലം പാലിച്ചും വേണ്ടത്ര ആരോഗ്യ സുരക്ഷയും മുന്‍ കരുതലുമെടുത്താണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: