പാട്ന: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ അതത് സംസ്ഥാനങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ നന്ദിയറിയിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വെള്ളിയാഴ്ചയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. ഇതോടൊപ്പം കോട്ടയിലും ജയ്പൂരിലും കുടുങ്ങിക്കിടക്കുന്ന ബിഹാര്‍ സ്വദേശികളെ തിരിച്ചുകൊണ്ടുവരാന്‍ സംസ്ഥാനങ്ങളുടെ പരസ്പര കരാറിലൂടെ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റെയില്‍വെ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച വിശദ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പെട്ടവരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാനായി സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഏകോപിപ്പിക്കുന്നതിന് റെയില്‍വേ മന്ത്രാലയം നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
ടിക്കറ്റ് വില്പനയ്ക്കും ട്രെയിന്‍ സ്റ്റേഷനുകള്‍, ട്രെയിന്‍ പ്ലാറ്റ്ഫോമുകള്, ട്രെയിനുകള്‍ എന്നിവയ്ക്കുള്ളില്‍ സാമൂഹിക അകലം പാലിക്കുന്നതിനും മറ്റ് നടപടികള്‍ക്കും റെയില്‍വേ മന്ത്രാലയം വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടുപോയവരെ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ പ്രത്യേക ട്രെയിനുകള്‍ നോണ്‍ സ്റ്റോപ്പായി ഓടിക്കും.
രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. ദിവസം 400 ട്രെയിനുകള്‍ ഓടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേരളം, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് അരലക്ഷം കടന്നിരുന്നു. കര്‍ണാടകത്തില്‍ നിന്ന് മാത്രം പതിനെണ്ണായിരം പേരാണ് രജിസ്റ്റര്‍ ചെയ്തത്. യാത്രക്കാരുടെ സഹകരണത്തോടെ സാമൂഹിക അകല മാനദണ്ഡങ്ങളും ശുചിത്വവും റെയില്‍വേ ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: