ഇരിട്ടി : വ്യാഴാഴ്ച വൈകുന്നേരം മഴയോട് കൂടി ഉണ്ടായ ശക്തമായ കാറ്റില്‍ അയ്യങ്കുന്ന് പഞ്ചായത്തില്‍ വന്‍ നാശം. ആനപ്പന്തി , വാഴയില്‍, മുണ്ടയാം പറമ്പ് മേഖലയില്‍ 8 വീടുകള്‍ തകര്‍ന്നു. ആനപ്പന്തി ഗവ. എല്‍പി സ്കൂളിന്റെ വാട്ടര്‍ ടാങ്ക് മരം വീണ് തകര്‍ന്നു. അന്‍പതോളം കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിച്ചു .ആനപ്പന്തിയില്‍ വീടിന്റെ ഓട് വീണ് വയോവൃദ്ധയുടെ തലക്ക് പരിക്കേറ്റു.
ആനപ്പന്തിയിലെ കുറ്റിക്കാട്ടില്‍ ദേവകി (75 ) യുടെ തലക്കാണ് പരിക്കേറ്റത് . ഇവരുടെ വീടും തകര്‍ന്നു. ഇവിടെത്തന്നെയുള്ള കാഞ്ഞമലയില്‍ ജോസ് മാത്യു, വലിയതൊട്ടി ജോസഫ്, മുണ്ടയാം പറമ്പ് വാഴയിലെ ഉമ്പക്കാട്ടില്‍ മേരി, ചെട്ടിയാംതൊടി റഷീദ്, മണിമല തങ്കമ്മ, നടുക്കണ്ടി ജാനകി അമ്മ , സുകുമാരന്‍ കുറുപ്പംപറമ്പില്‍ എന്നിവരുടെ വീടുകളും തകര്‍ന്നു. ഇല്ലിക്കല്‍ ഇറ്റോയുടെ വ്യാപാരസ്ഥാപനം മരം വീണ് തകര്‍ന്നു. മേഖലയില്‍ വ്യാപകമായി റബ്ബര്‍, കശുമാവ്. പ്ലാവ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിച്ചു.
ആനപ്പന്തിയിലെ വലിയതൊട്ടി ജോസഫ് , ഇല്ലിക്കല്‍ പീറ്റര്‍, ചെമ്മാന്‍ തടത്തില്‍ സോണി , വാഴയിലെ താന്നിമൂട്ടില്‍ വര്‍ഗ്ഗീസ് , പാതിയില്‍ കുഞ്ഞപ്പന് എന്നിവരടക്കം അന്‍പതോളം കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിച്ചത്. ആനപ്പന്തിയില്‍ ഐസ്ക്രീം കച്ചവടക്കാരന്റെ റോഡരികിലിരുന്ന ഓട്ടോ റിക്ഷ 10 മീറ്ററോളം കാറ്റില്‍ പറത്തി സമീപത്തെ ബൈക്കിന് മുകളില്‍ ഇട്ടു. കൃഷി ഓഫീസര്‍ ജിന്‍സി മരിയ, വില്ലേജ് ഓഫീസര്‍ മനോജ്, കൃഷി അസിസ്റ്റന്റ് സാബു, സിബി വാഴക്കാല, സണ്ണി ജോസഫ് എംഎല്‍എ തുടങ്ങി നിരവധിപേര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: