തിരുവനന്തപുരം: കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ അപകടകരമായ രാഷ്ട്രീയ കസര്‍ത്തിലാണ് മുഴുകിയിരിക്കുന്നത്. കൊറോണ പടരുകയും ലോക്ഡൗണ്‍ നിലനില്ക്കുകയും ചെയ്യുമ്പോള്‍ പ്രവാസികളുടെ പേരിലാണ് ഇരുകൂട്ടരും മറന്നുകളിയില് ഏര്‍പ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി നേതാക്കളും പ്രവാസികളെ സ്വീകരിക്കാനും സംരക്ഷിക്കുവാനും കേരളം സജ്ജമാണെന്ന് ആവര്‍ത്തിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരെയെല്ലാം സൗജന്യമായി കൊണ്ടുവരണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. കാല്‍കോടിയിലധികം പേര് വിദേശത്തുണ്ട്. കേരളത്തെ തന്നെ വിലക്കെടുക്കാന്‍ കഴിയുന്ന സമ്പന്നരും അതില്‍ ഉണ്ടാവാം. എല്ലാവര്‍ക്കുമായി സൗജന്യം ആവശ്യപ്പെടുന്നത് നടക്കാത്ത കാര്യമാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏറെ പേര് വരാനുണ്ട്. അവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിലുള്ള ക്വാറന്റൈന് വേണ്ടെന്നാണ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞരിക്കുന്നത്. ഇത് ഏത് മാനദണ്ഡം വച്ചാണെന്നാണ് മനസ്സിലാകാത്തത്. ഇത് അത്യാപത്ത് തന്നെയാണ്. വിദേശത്തു നിന്ന് എത്തി മുപ്പത് ദിവസങ്ങള്‍ കഴിഞ്ഞതിനുശേഷമാണ് പലര്‍ക്കും രോഗമുള്ളതായി കണ്ടെത്തിയിട്ടുള്ളത്.
കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയാല് നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ അടക്കമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. കൊറോണ വ്യാപനം മറ്റ് രാജ്യങ്ങളില്‍ ശക്തമായത് മുതല്‍ വിദേശത്ത് നിന്നുള്ളവരെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളില്‍ തന്നെ പാര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതാണ്.
എന്നാല്‍ അത് അട്ടിമറിച്ച് നിരീക്ഷണം വീടുകളിലേക്ക് മാറ്റി. എല്ലാ ദിവസവും നിരീക്ഷണം നടത്തുമെന്നും പറഞ്ഞായിരുന്നു വീടുകളില്‍ എത്തിച്ചത്. ഇത് പാളിയതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുത്തനെ കൂടി. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പലരും പുറത്തിറങ്ങി വിവാഹങ്ങളിലും ഉത്സവങ്ങളിലും പങ്കെടുത്തു. കാസര്‍കോട് സമൂഹവ്യാപനം എന്നതിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങി. പത്തനംതിട്ടയിലും തിരുവനന്തപുരത്തും കാസര്‍കോടും കണ്ണൂരുമെല്ലാം രോഗവ്യാപനത്തിന് കാരണമായി.
വിദേശത്ത് നിന്ന് കൊണ്ടുവരുന്നതില്‍ രോഗലക്ഷണം ഉള്ളവരുണ്ടെങ്കില്‍ അവരെ നിരീക്ഷിക്കാനായി ഹോസ്റ്റലുകള്‍, സ്വകാര്യ ആശുപത്രികള്‍, ലോഡ്ജുകള്‍ ഉള്‍പ്പെടെ സജ്ജമാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നോര്‍ക്ക രജിസ്ട്രേഷനിലൂടെ എത്രപേര്‍ക്ക് വരാനാകുമെന്ന കണക്ക് വ്യക്തമാകും. അതനുസരിച്ചുള്ള സൗകര്യം ഒരുക്കാമെന്ന ചിന്തയിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്നും വീട്ടിലുള്ളവരെ എത്രത്തോളം ശ്രദ്ധയോടെ സര്‍ക്കാരിന് നരീക്ഷിക്കാനാകുമെന്നതും ചോദ്യമായി അവശേഷിക്കുന്നു.
കേരളത്തില്‍ കുടുങ്ങിപ്പോയ അറബികളെ കൊണ്ടുപോകാന്‍ സൗദി അറേബ്യന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കിയത് കണ്ടില്ലെ എന്നാണ് ലീഗും കോണ്‍ഗ്രസും ചോദിക്കുന്നത്. കേരളത്തില്‍ ഉള്ള അറബികളെത്രയാണ്? അറബ് നാടുകളിലുള്ള മലയാളികളെത്രയാണ്?
പ്രവാസികളെ കൊണ്ടുവരാന്‍ ലീഗുകാര്‍ മലപ്പുറത്ത് സത്യഗ്രഹമിരിക്കുന്നു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ കോണ്‍ഗ്രസും. പ്രതിപക്ഷം രാഷ്ട്രീയ നേട്ടമുണ്ടാക്കുമോ എന്ന ഭീതിയില്‍ നിന്നാണ് കൈവിട്ട കളിക്ക് ഭരണപക്ഷം മുന്നിട്ടിറങ്ങുന്നത്. ഇവരുടെ മറഞ്ഞുകളി പ്രവാസികള്‍ക്ക് മാത്രമല്ല അവരുടെ കുടുംബങ്ങള്‍ക്ക് പോലും ആപത്ത് വിളിച്ചുവരുത്തുമെന്നവര് വിസ്മരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: