കോന്നി: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ബാംബു കോർപ്പറേഷന്റെ ഈറ്റ സംഭരണം മുടങ്ങിയതോടെ പരമ്പരാഗത ഈറ്റവെട്ട് തൊഴിലാളികൾ ദുരിതത്തിൽ. കിഴക്കൻ മലയോര പ്രദേശമായ അട്ടത്തോട്, ആങ്ങമൂഴി, പമ്പാവാലി പ്രദേശത്തെ തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്.
സർക്കാർ നൽകിയ സൗജന്യ റേഷൻ ഒഴിച്ചാൽ വനം വകുപ്പും ബാംബു കോർപ്പറേഷനും ഇവരുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. എല്ലാ വർഷവും രണ്ട് മാസം ഈറ്റശേഖരണം നിറുത്തിവച്ചശേഷം പുനരാരംഭിക്കുക പതിവാണെങ്കിലും ഇത്തവണ ഇടവേളക്ക് ശേഷവും നിയന്ത്രണം പിൻവലിക്കാൻ തയാറായിട്ടില്ല. പെരിയാർ കടുവാസങ്കേതത്തിന്റെ പരിധിയിൽ വരുന്ന ശബരിമല, ഗൂഡ്രിക്കൽ വന മേഖലയിൽ നിന്നാണ് ബാംബുകോർപ്പറേഷൻ ഏറ്റവുമധികം ഈറ്റ ശേഖരിക്കുന്നത്. മുന്തിയ ഇനം ഈറ്റയാണ് ഈ മേഖലയിലുള്ളത്. നിലവിൽ വെട്ടിയെടുക്കാൻ പാകമായി വൻതോതിൽ ഈറ്റകൾ വിളഞ്ഞ് നിൽപ്പുണ്ട്. ഈറ്റ വെട്ടുന്നതിനുള്ള അനുമതി വൈകിയാൽ ഇവ പൂവിട്ട് നശിച്ചുപോകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ഈറ്റ പൂക്കുന്നതിന് മുമ്പ് വെട്ടിയെടുത്തെങ്കിൽ മാത്രമെ പ്രയോജനമുള്ളെന്ന് തൊഴിലാളികൾ പറയുന്നു. നാലുവശവും വനമായതിനാൽ അട്ടത്തോട് ആദിവാസി കോളനി നിവാസികൾക്ക് ഈറ്റവെട്ട് മാത്രമാണ് ഏക ഉപജീവനമാർഗം. കാടുമായി ഇഴുകി ജീവിക്കുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങി പണികളൊന്നും ചെയ്യാൻ അറിയില്ല. അട്ടത്തോട്ടിൽ 70കുടുംബങ്ങളാണ് ഈറ്റ വെട്ടലിലൂടെ മാത്ര ഉപജീവനം നടത്തുന്നത്. ആങ്ങമൂഴിയിലാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ ഈറ്റ വെട്ടി ഉപജീവനം നടത്തുന്നത്. ഈറ്റവെട്ടുകയും ലോഡിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആയിരത്തോളം അംഗീകൃത തൊഴിലാളികളാണ് ഇവിടെയുള്ളത്.
കിഴക്കൻ മേഖലയിൽ നിന്നുള്ള ഈറ്റശേഖരണം നിലച്ചതോടെ ബാംബു കോർപ്പറേഷന്റെ മിക്ക ഡിപ്പോകളും കാലിയാണ്. ഇതേ തുടർന്ന് കുട്ട, വട്ടി, പരമ്പ്, കൂടകൾ, വിവിധ കരകൗശല വസ്തുകൾ തുടങ്ങിയ നിർമ്മിച്ച് ഉപജീവനം നടത്തുന്ന പരമ്പരാഗത കുടിൽ വ്യവസായ തൊഴിലാളികളും ദുരിതത്തിലായിരിക്കുകയാണ്. ഈറ്റ ലഭ്യമല്ലാതായതോടെ മിക്ക കുടുംബങ്ങളുടെ സ്ഥിതിയും ദയനീയമാണ്. നാട്ടിൻ പുറങ്ങളിലെ വെറ്റില ഉൾപ്പടെയുള്ള കർഷകരെയും ഈറ്റക്ഷാമം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വെറ്റില കൃഷിക്ക് പ്രധാനമായും ഈറ്റ ഉപയോഗിച്ചുള്ള പന്തലാണിടുന്നത്. വനത്തെയും വനവിഭവങ്ങളെയും മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവരുടെ ദാരിദ്ര്യമകറ്റാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കോന്നി വനം വകുപ്പ് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: