തൊടുപുഴ: ഇടുക്കി ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധനാഫലങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. റാന്‍ഡം ടെസ്റ്റിലൂടെയാണ് ജില്ലയില്‍ പുതിയ രോഗികളെ കണ്ടെത്തുന്നത് എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ നഗരസഭാ കൗണ്‍സിലറാണ്. മറ്റൊരാള്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സാണ്. കൊറോണ സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍ ബാംഗ്ലൂരില്‍ ജോലിചെയ്തിരുന്ന ബാങ്ക് ഉദ്യോഗസ്ഥനാണ്. ഇതോടെ ഇടുക്കി ജില്ലയിലെ കൊറോണ ബാധിതരുടെ എണ്ണം 17 ആയി. മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തൊടുപുഴ ജനറല്‍ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ ഉള്ള വാര്‍ഡിലെ കൗണ്‍സിലര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മേഖലയില്‍ കൗണ്‍സിലര്‍ ബോധവല്കരണ പരിപാടികള്‍ക്കായി വ്യാപകമായി പങ്കെടുത്തിരുന്നു. കൊറോണ സ്ഥിരീകരിച്ച നഴ്സ് ജില്ലാ ആശുപത്രിയിലെ ക്വാഷ്വാലിറ്റിയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസവും ഇവര്‍ ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. റാന്‍ഡം പരിശോധനയ്ക്ക് ഇടയിലാണ് നഴ്സിന് കൊറോണ സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ കാണിക്കാത്തതിനാലും റാന്‍ഡം ടെസ്റ്റായതിനാലും ഇവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നില്ല.
ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വെച്ചാണ് ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിന് ശേഷം മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: