ന്യൂദല്‍ഹി: യാതൊരു നിലവാരവുമില്ലാത്ത ചൈനീസ് പരിശോധനാ കിറ്റുകള്‍ വിതരണം ചെയ്ത കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി. റാപ്പിഡ് പരിശോധനാ കിറ്റുകള്‍ നിര്‍മിക്കുന്ന ചൈനീസ് കമ്പനിയായ വോന്‍ഡ്ഫോയുടെ ഇന്ത്യയിലെ വിതരണക്കമ്പനിയുമായുള്ള കരാറാണ് ഐസിഎംആര്‍ റദ്ദാക്കിയത്. ഒരു രൂപ പോലും ചൈനീസ് കമ്പനിക്ക് ഇതുവരെ നല്‍കിയിട്ടില്ലെന്നും ഗുണമേന്മാ പരിശോധനയില്‍ പരാജയപ്പെട്ടതിലാണ് കരാര്‍ റദ്ദാക്കുന്നതെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
അഞ്ചുലക്ഷത്തോളം കിറ്റുകള്‍ വാങ്ങാനുള്ള 30 കോടി രൂപയുടെ കരാറാണ് റദ്ദാക്കിയത്. പരിശോധനകളില്‍ അഞ്ചു ശതമാനം പോലും കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. റാപ്പിഡ് ടെസ്റ്റുകള്‍ ഐസിഎംആര്‍ ഒരാഴ്ചയായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത്, മുന്‍കൂര്‍ പണം സംബന്ധിച്ച വ്യവസ്ഥകളൊന്നും ഇല്ലാത്ത വോന്‍ഡ്ഫോയുടെ ഇന്ത്യയിലെ വിതരണക്കമ്പനി നല്കിയ കുറഞ്ഞ ക്വട്ടേഷന്‍ തുകയായ 600 രൂപയ്ക്ക് കിറ്റ് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് എത്തിയ രണ്ടരലക്ഷത്തോളം കിറ്റുകളും ഗുണനിലവാരമില്ലാത്തതിനാല്‍ ചൈനയ്ക്ക് മടക്കി അയയ്ക്കും.മതിയായ നിലവാരം ഇല്ല എന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ബോന്ഡ്ഫോയുടെ മറ്റൊരു ഓര്‍ഡറും റദ്ദാക്കാന്‍ ഐസിഎംആര്‍ തീരുമാനിച്ചിട്ടുണ്ട്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പൈസയുടെ പോലും നഷ്ടം വരുത്തിയിട്ടില്ലെന്നും ഐസിഎംആര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: