ന്യൂദല്‍ഹി: വിദേശരാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബൃഹദ് പദ്ധതി തയാറാക്കുന്നു. ഇതുസംബന്ധിച്ച മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് വിദേശകാര്യ സെക്രട്ടറി കത്തയച്ചു. പ്രവാസികള്‍ മടങ്ങിയെത്തുന്നത് കണക്കിലെടുത്ത് ഇതുവരെ സ്വീകരിച്ച നടപടികള്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിദേശകാര്യമന്ത്രാലയം ചോദിച്ചിട്ടുണ്ട്. ഇന്നലെ ക്യാബിനറ്റ് സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും ഇക്കാര്യത്തില്‍ സ്വീകരിച്ച പുരോഗതി ആരാഞ്ഞു.
ഗള്‍ഫ് മേഖല, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ തിരികെ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ലോക്്ഡൗണ്‍ അവസാനിക്കുന്ന മെയ് 3ന് ശേഷം ഇവാക്വേഷന് നടപടികള്‍ ആരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ആഴ്ചകളും മാസങ്ങളും നീളുന്ന വലിയ പ്രക്രിയയാണ് ഇതെന്നതിനാല്‍ കൃത്യമായ സജ്ജീകരണങ്ങളില്ലെങ്കില്‍ കൊറോണവ്യാപനം വീണ്ടും സംഭവിക്കാം. അതിനാല്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ തൃപ്തിയാണെങ്കില്‍ മാത്രമേ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്പോകൂ.
വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, പ്രായമേറിയവര്‍, കുട്ടികള്‍, മറ്റു രോഗങ്ങളുള്ളവര്‍, സ്റ്റുഡന്റ് വിസയിലുള്ളവര്‍, മറ്റുള്ളവര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാണ് ആളുകളെ മടക്കിയെത്തിക്കാന്‍ ശ്രമിക്കുന്നത്.
മൃതദേഹങ്ങള്‍ എത്തിക്കാന്‍ അനുമതി
ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള സാങ്കേതിക തടസം അവസാനിച്ചു. ചരക്കു വിമാനങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടേയും ഒസിഐ(ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ്) കാര്ഡുകാരുടേയും മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്. മൃതദേഹങ്ങളെത്തിക്കുന്നതിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായി ഏകജാലക സംവിധാനം പോലെ അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അറിയിച്ചു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ ചുമതല എംബസികള്‍ക്കാണ്.
മൃതദേഹങ്ങള്‍ എംബാം ചെയ്യുമ്പോള്‍ത്തന്നെ കൊറോണ മൂലമുള്ള മരണമല്ലെന്ന സര്‍ട്ടിഫിക്കറ്റ് അതാതു രാജ്യങ്ങളില്‍ നിന്ന് ശേഖരിക്കണം. ഇതിന് പുറമേ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അനുമതി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമാണ്. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഇമിഗ്രേഷന്‍ വിഭാഗം ഡയറക്ടര്‍ സുമന്ത് സിങ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കൊറോണ ബാധിച്ചുള്ള മരണമല്ല എന്ന സര്‍ട്ടിഫിക്കറ്റ് മൃതദേഹങ്ങളെത്തിക്കുന്നതിന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ കഴിഞ്ഞദിവസം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും നടത്തിയ നിരന്തര ചര്‍ച്ചകളുടെ ഫലമായാണ് മൃതദേഹങ്ങളെത്തിക്കുന്നതിലെ സാങ്കേതിക നടപടിക്രമങ്ങള്‍ പരിഷ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: