ചെന്നൈ: പനിയും ചുമയും തൊണ്ട വേദനയും ജലദോഷവും മാത്രമല്ല കൊറോണ ലക്ഷണങ്ങള്‍ എന്ന് വിദഗ്ധന്‍. രോഗം ബാധിച്ച അഞ്ചിലൊന്നുപേര്‍ക്ക് കാല്‍പ്പാദത്തില്‍ ചുവന്നു തിണര്‍ത്ത പാടുകള്‍ ഉണ്ടായിരുന്നുവെന്ന് ഇറ്റലിയിലെ പഠനം ചൂണ്ടിക്കാട്ടി ഡോ. സുബ്രഹ്മണ്യം സ്വാമിനാഥന് പറഞ്ഞു. ചുവന്ന് ചൊറിഞ്ഞ തടിച്ച പോലെയുള്ള പാടുകള്‍ (കൊേറാണ പാദം) ഉണ്ടോയെന്ന് പരിശോധിക്കാനും പകര്‍ച്ചവ്യാധി ചികിത്സകനായ ഡോ. സുബ്രഹ്മണ്യം നിര്‍ദേശിക്കുന്നു.
ഇറ്റലിയിലെ 20 ശതമാനം രോഗികളിലും കൊറോണ പാദം ഉണ്ടായിരുന്നു. ഫിന്‍ലാന്‍ഡ്, സ്പെയ്ന്‍, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഡോക്ടര്‍മാരും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വേദനയുള്ള പാടുകള്‍ പാദത്തിന്റെ മുകളിലോ വിരലുകളുടെ മുന്‍ഭാഗത്തോ പ്രത്യക്ഷപ്പെടാം. ചിലരില്‍ കൈകളിലാകാം.രോഗം മൂലം ചെറിയ രക്തക്കുഴലുകളില്‍ രക്തം കട്ടകെട്ടിക്കിടക്കുന്നതാണ് ഇതിന് കാരണം. പക്ഷെ ഇക്കാര്യം ഉറപ്പാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇന്ത്യയില്‍ ഇത്തരം ലക്ഷണം കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും രണ്ടാഴ്ച മുന്‍പ് ഒരു ദമ്പതികള്‍ ചുവന്നു തിണര്‍ത്ത പാടുകളുമായി ത്വക്ക്രോഗ ചികിത്സകനെ കണ്ടിരുന്നു. രണ്ടു പേരുടെ പാദങ്ങളിലും ഒരുപോലെയുള്ള പാടുകള്‍. രണ്ടു പേര്‍ക്കും പനിയുമുണ്ടായിരുന്നു. രണ്ടു പേര്‍ക്കും ഇപ്പോള്‍ രോഗമില്ല. പക്ഷെ കൊറോണയായിരുന്നോയെന്നാണ് ഡോക്ടര്‍ക്ക് ഇപ്പോള്‍ സംശയം.
ഉള്ളില്‍ നടക്കുന്നത് ത്വക്കില്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ പനിയില്ലെങ്കിലും കൊറോണ പരിശോധിക്കണം. ഡോ. മായാ വേദമൂര്‍ത്തി പറഞ്ഞു. കൊറോണ വൈറസ് കുഴപ്പക്കാരനാണ്, പലരിലും പലതരത്തിലാണ് കാണുന്നത്. മുതിര്‍ന്ന പകര്‍ച്ചവ്യാധി ചികിത്സകന് ഡോ. എ. രാമസുബ്രഹ്മണ്യന്‍ പറഞ്ഞു.
ഇന്ത്യയിലെ രോഗികളില്‍ 69 ശതമാനവും ഒരു ലക്ഷണവും കാണിച്ചിരുന്നില്ലെന്ന് വിദഗ്ധര്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. ഇത്തരം സാഹചര്യത്തില്‍ പാദങ്ങളിലെ ചുവന്ന തിണര്‍പ്പുകളും പരിശോധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: