പന്തീരാങ്കാവ്: കോവിഡ് കാലത്ത് വീടുകളില്‍ കഴിയുന്ന വിദ്യാര്‍ഥികളെ വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോവുകയാണ് പന്തീരാങ്കാവ് പോലീസ്. കുട്ടികളുടെ ചിത്രരചനാ പാടവത്തിന് പ്രചോദനമായി വീടുകളില്‍ ചൈല്‍ഡ് ഡ്രോയിങ്ങ് കിറ്റുകള്‍ എത്തിക്കുന്ന പദ്ധതിക്കാണ് പന്തീരാങ്കാവ് പോലീസ് തുടക്കം കുറിച്ചത്. കൊച്ചു കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്താനും പോലീസിനോടുള്ള മനോഭാവം ദൃഢമാക്കുന്നതിനുമാണ് അവരുടെ ലോകത്തേക്ക് ഇറങ്ങിചെല്ലാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. പുറത്തിറങ്ങാനാവാതെ വീടുകളില്‍ ടി.വി. കണ്ടും മൊബൈല്‍ ഗെയിം കളിച്ചും സമയം കളയുന്നതിലുപരിയായി അവര്‍ക്ക് പുതിയ കാഴ്ച്ചപ്പാടുകള്‍ നല്‍കാനാണ് പോലീസിന്റെ ശ്രമം.
പദ്ധതിയെക്കുറിച്ചറിഞ്ഞ വെള്ളായിക്കോട് എഎംഎല്‍പി സ്കൂള്‍ മാനേജ്മെന്റ് സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാകുകയായിരുന്നു. ആദ്യഘട്ടമായി ഇരിങ്ങല്ലൂര്‍ ഗവ. ഹൈസ്ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്ക്കാണ് ഡ്രോയിങ്ങ് കിറ്റുകള്‍ നല്‍കുന്നത്. ഇരിങ്ങല്ലൂര്‍ ഗവ. ഹൈസ്കൂള്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റ് കെ.ടി. സാന്ദ്രക്ക് ഡ്രോയിംഗ് കിറ്റ് നല്കി എസ്എച്ച്ഒ. ബൈജു. കെ. ജോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. കുട്ടികള്ളുടെ വീടുകളിലെത്തിച്ച് നല്‍കാനുള്ള ഡ്രോയിംഗ് കിറ്റുകള്‍ പ്രധാന അധ്യാപിക ലീന, എസ്പി കാഡറ്റ് എം.എം. ആകാശ് എന്നിവര്‍ക്ക് വെള്ളായിക്കോട് എഎംഎല്‍പി സ്കൂള്‍ മാനേജര്‍ ഇന്‍ ചാര്‍ജ് എന്‍.കെ. ഷബീബ് അലി, എസ്പിസി ചുമതലയുള്ളള പോലീസ് ഓഫീസര്‍ ഹാജിറ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചിത്രകാരനായ അജ്മല്‍ കക്കോവാണ് ചൈല്‍ഡ് ഡ്രോയിംഗ് കിറ്റ് എന്ന ആശയം പോലീസിന് നല്‍കിയത്. സ്പോണ്‍സര്‍മാരെ കണ്ടെത്താനായാല്‍ ഓണ്‍ലൈന്‍ പാഠ്യപദ്ധതികള്‍ ഉള്‍പ്പെടെ കൂടുതല്‍ കുട്ടികളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നതായി പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ബൈജു. കെ. ജോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: